കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഹൗസ് സർജനായ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ തീയതി നിശ്ചയിക്കുന്നത് അടുത്തമാസം അഞ്ചിലേക്ക് മാറ്റി. സെപ്തംബർ 2 മുതൽ വിചാരണ ആരംഭിക്കാനുള്ള സമയക്രമ പട്ടികയാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിരിക്കുന്നത്.
വിചാരണ തീയതി നിശ്ചയിക്കാനാണ് ഇന്നലെ കോടതി കേസ് പരിഗണിച്ചത്. പ്രതി സന്ദീപിനെയും നേരിട്ട് ഹാജരാക്കി. പ്രതിയുടെ വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സന്ദീപിന്റെ അഭിഭാഷകൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ അതിന്റെ വിവരങ്ങളൊന്നും തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹാജരാകുന്നത്.