കൊല്ലം : ഇന്നലെ ജില്ലയിൽ പെയ്ത മഴയിൽ നാലുവീടുകൾക്ക് നാശനഷ്ടം. കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലാണ് വീടുകൾ തകർന്നത്. കൊട്ടാരക്കരയിൽ 2 വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ആകെ 1,60,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുന്നത്തൂരിൽ ഒരുവീട് ഭാഗികമായി തക‌ർന്നു. 25,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്നലെ ജില്ലയിൽ മിക്കയിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചു. ആര്യങ്കാവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 60.4 മില്ലിമീറ്റർ. കൊല്ലത്ത് 34 മില്ലി മീറ്ററും പുനലൂരിൽ 45.4 മില്ലിമീറ്റ‌റും മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തകർത്തുപെയ്തെങ്കിലും ജില്ലയിൽ ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. ഈ സീസണിൽ ഇതുവരെ 6 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ മുതൽ ഇന്നലെ വരെ 755.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 708.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.