കുന്നത്തൂർ: ഇടത് അദ്ധ്യാപക സംഘടനയുടെ (കെ.എസ്.ടി.എ) സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സർക്കാർ സ്കൂളിന് അവധി നൽകിയത് വിവാദത്തിൽ. പോരുവഴി ഇടയ്ക്കാട് ഗവ.യു.പി സ്കൂളിനാണ് 'ഹാഫ് ഡേ' അവധി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇടത് അദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ കൊല്ലത്ത് കേന്ദ്ര സർക്കാരിനെതിരെ ഡി.ഇ.ഒ പടിക്കൽ ധർണാ സമരം നടത്തിയിരുന്നു. സമരത്തിൽ പങ്കെടുക്കാൻ സ്കൂൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഭൂരിഭാഗം അദ്ധ്യാപകരും പോയതാണ് സ്കൂളിന് അവധി നൽകാൻ കാരണമായത്. അതിനാൽ നാമമാത്ര അധ്യാപകർ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്. ഉച്ച കഴിഞ്ഞതോടെ അധികൃതരുടെ അനുവാദം കൂടാതെ സ്കൂളിന് അവധി നൽകുകയായിരുന്നു. വേസ്റ്റ് ബിൻ വിതരണത്തിന്റെ ഭാഗമായി 2.15 ഓടെ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നയും അടക്കമുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ കുട്ടികളെ വിട്ട ശേഷം സ്കൂൾ അടച്ചുപൂട്ടുന്ന അദ്ധ്യാപകരെയാണ് കണ്ടത്. ഇവരോട് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് ശാസ്താംകോട്ട എ.ഇ.ഒയെ വിവരം അറിയിക്കുകയും അവർ നേരിട്ടെത്തി ബോധ്യപ്പെടുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്ററോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
സുജാ കുമാരി
ശാസ്താംകോട്ട എ.ഇ.ഒ
അടിയന്തിര നടപടി ഉണ്ടാകണം
പ്രവർത്തി ദിനമായ ശനിയാഴ്ച ഇടയ്ക്കാട് സർക്കാർ സ്കൂളിന് അവധി നൽകി അദ്ധ്യാപകർ സമരത്തിന് പോയത് അംഗീകരിക്കാൻ കഴിയില്ല.സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
ബിനു മംഗലത്ത്,പ്രസിഡന്റ്,പോരുവഴി പഞ്ചായത്ത്