കൊട്ടിയം: മേവറം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് വീതി കൂട്ടാനുള്ള നടപടികൾ കടലാസിലൊതുങ്ങിയതിനെ തുടർന്ന് റോഡ് കയ്യേറിയുള്ള കച്ചവടം പെരുകുന്നു. ഈമേഖലയിൽ ദിവസേന അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കൊല്ലം ബൈപ്പാസ് ദേശീയപാതയുടെ ഭാഗമായതോടെ അവഗണനയിലാണ് ഈ റോഡ്. ദേശീയപാതയെന്ന പദവി കൈവിട്ടതോടെ റോഡിന്റെ സംരക്ഷണമാകെ നിലച്ചു. തിരുവനന്തപുരം ഭാഗത്ത് നിന്നു വരുന്നവർക്ക് കൊല്ലം നഗരത്തിൽ പ്രവേശിക്കാനുള്ള പ്രധാന നഗര റോഡാണിത്. ഈ റോഡിൽ സഞ്ചാരം തടസപ്പെടുത്തും വിധം തട്ടാമല മുതൽ പള്ളിമുക്ക് വരെ തട്ടുകടകൾ നിരന്നു. നടപടിയെടുക്കേണ്ട പൊതുമരാമത്ത്, കോർപ്പറേഷൻ അധികൃതർ ഇതുകണ്ട മട്ടില്ല. പലേടത്തും റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി. നഗരത്തിലെ പ്രധാന കോളേജുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ ഈ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നുവെങ്കിലും വേണ്ടത്ര ഗരവം കാട്ടാൻ അധികൃതർ തയ്യാറാവുന്നില്ല.
പ്രധാന ജംഗ്ഷനുകളായ പള്ളിമുക്ക്, റെയിൽവേ സ്റ്റേഷൻ, മാടൻനട, പോളയത്തോട്, കോളേജ് ജംഗ്ഷൻ, തട്ടാമല എന്നിവടങ്ങളിൽ ഗതാഗത നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ ഏതു നേരവും കുരുക്കാണ്. ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത് പള്ളിമുക്കിലാണ്. ഇവിടെയുണ്ടായിരുന്ന സിഗ്നൽ പ്രവർത്തനരഹിതമാണ്. കപ്പലണ്ടി മുക്കിൽ മാത്രമാണ് നിലവിൽ ട്രാഫിക് നിയന്ത്രണ സംവിധാനമുള്ളത്. മാടൻനട മുതൽ പോളയത്തോട് വരെ റോഡിൽ കുഴികൾ നിറഞ്ഞു.
അപകടക്കെണി
പോളയത്തോട് കച്ചേരിമുക്കിന് സമീപം റോഡ് തകർന്നു. കുഴിയടയ്ക്കാൻ ഇട്ട കോൺക്രീറ്റ് ആകെ ഇളകി പലേടത്തും അപകടക്കുഴികൾ രൂപപ്പെട്ടു. ഇവിടെയാണ് മാതാപിതാക്കളൊടൊപ്പം നാലു ചക്ര സ്കൂട്ടറിൽ വരികയായിരുന്ന മൂന്നാം ക്ലാസുകാരൻ സ്കൂട്ടറിൽ നിന്നു തെറിച്ച് ബസിനടിയിൽ വീണു മരിച്ചത്. റോഡിന്റെ വീതി കൂട്ടാനും പുനർനിർമാണത്തിനും ഇനിയും ജീവനുകൾ ബലി നൽകണോ എന്നാണ് നാടിന്റെ ചോദ്യം.