കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗർഭമുള്ള കുതിരയെ മർദ്ദിച്ച സംഘത്തിലെ മറ്റുപ്രതികൾ ഒളിവിൽ തന്നെ. ഇവർക്കായി ഇരവിപുരം പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ കഴിഞ്ഞദിവസം കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. തെക്കേകാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ളവരും കൊട്ടിയം സ്വദേശികളുമായ യുവാക്കളാണ് ഒളിവിൽ കഴിയുന്നത്. ആറുപേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. കാറിലും സ്കൂട്ടറിലുമെത്തിയ അക്രമികൾ കുതിരയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വടക്കേവിള നെടിയം ഷാനവാസ് മൻസിലിൽ ഷാനവാസിന്റെ ദിയ എന്ന അഞ്ചുവയസുള്ള കുതിരയാണ് മർദ്ദനത്തിനിരയായത്. കണ്ണിന് മുകളിലും മുഖത്തും ചെവിക്കും കാലിനുമെല്ലാം പരിക്കേറ്റിരുന്നു. കുതിര ആരോഗ്യം വീണ്ടെടുക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.