നെടുവത്തൂർ വില്ലേജിൽ നീലേശ്വരം മംഗലത്ത് മുക്കിൽ ജയഭവനിൽ ശ്രീജയുടെ വീട്
കൊട്ടാരക്കര: മഴയും കാറ്റും, കൊട്ടാരക്കര താലൂക്കിൽ വ്യാപക നാശം. നിരവധി വീടുകൾ തകർന്നു. കൃഷി നശിച്ചു. താലൂക്കിന്റെ വിവിധ ഇടങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണും കടപുഴകിയും നാശമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരച്ചീനി, വാഴക്കൃഷി, വെറ്റിലക്കൃഷി എന്നിവ നശിച്ചിട്ടുണ്ട്. റവന്യൂ, പഞ്ചായത്ത് അധികൃതരെത്തി നാശനഷ്ടങ്ങളുടെ കണക്ക് രേഖപ്പെടുത്തി. രണ്ടാഴ്ച മുൻപും താലൂക്കിൽ വലിയ തോതിൽ മഴ നാശം വിതച്ചിരുന്നു. 17 വീടുകൾക്കാണ് അന്ന് നാശമുണ്ടായത്.
നിരവധി വീടുകൾ തകർന്നു
നെടുവത്തൂർ നീലേശ്വരം മംഗലത്ത് മുക്കിൽ ജയഭവനിൽ ശ്രീജയുടെ വീട് പൂർണമായും തകർന്നു. ആളപായമില്ല. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കലയപുരം ഇഞ്ചക്കാട് കാരമുകളിൽ ചിന്നമ്മയുടെ വീടിന്റെ മേൽക്കൂര തകർന്നു. ആളപായമില്ല.
നിലമേൽ വാഴോട് ഇമ്മാനുവേൽ ഭവനിൽ ധന്യയുടെ വീടിന്റെ മുകളിലേക്ക് അയൽ പുരയിടത്തിന്റെ മതിൽക്കെട്ട് ഇടിഞ്ഞുവീണു. വീടിന് ഭാഗീകമായി നാശമുണ്ടായി. മതിൽക്കെട്ടിന്റെ ശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലാണ്. വീട്ടുകാരെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു.
നിലമേൽ ആലയിൽ കുണ്ടാങ്കുഴി വീട്ടിൽ സർജീനയുടെ വീടിന് മുകളിലേക്ക് മരം കടപുഴകിവീണു. വീട് ഭാഗീകമായി തകർന്നു.
മഴയും കാറ്റും കൂടുതൽ നാശം വിതയ്ക്കുന്നു. ജാഗ്രതവേണം. താലൂക്ക് ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0474-2454623 എന്ന നമ്പരിൽ ബന്ധപ്പെടാം.