photo

കൊട്ടാരക്കര : വീടുകളുടെ ഗേറ്റുകൾ മോഷ്ടിച്ചു കടത്തിയവർ പിടിയിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര അറപ്പുര കാറ്ററിംഗിന് സമീപം കുരുവേലിവിള വീട്ടിൽ കുഞ്ഞുമോൻ (48), കൊട്ടാരക്കര ഗാന്ധിമുക്ക് ലക്ഷം വീട് ജവാൻ നഗറിൽ സുധീർ ( 42 ) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആൾതാമസമില്ലാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും മതിലുള്ള പുരയിടങ്ങളുടെയുമൊക്കെ ഗേറ്റുകളാണ് ഇവർ മോഷ്ടിച്ചിരുന്നത്. കൊട്ടാരക്കര കിഴക്കേക്കര ഭാഗത്ത് ആളൊഴിഞ്ഞ വീടുകളിലെയും ഒറ്റപ്പെട്ട സ്ഥലത്തുള്ള പുരയിടങ്ങളുടെയും ഗേറ്റുകൾ മോഷണം പോയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.

രാത്രിയിൽ ഗേറ്റിളക്കും പകൽ കടത്തും

ആൾ താമസമില്ലാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും മതിലുള്ള പറമ്പുകളുടെയും ഗേറ്റുകളാണ് കുഞ്ഞുമോനും സുധീറും മോഷ്ടിച്ചിരുന്നത്. രാത്രികാലങ്ങളിലും പുലർച്ചെയുമെത്തി ഗേറ്റ് ഇളക്കി സമീപത്തുതന്നെ മാറ്റിവയ്ക്കും. പകൽ വാഹനവുമായി എത്തിയാണ് ഇത് കടത്തിക്കൊണ്ടുപോകുന്നത്. പലയിടത്തായിട്ടാണ് ഇവ വില്പന നടത്തുന്നത്. പൊലീസ് അന്വേഷണത്തിൽ തൊണ്ടിമുതൽ കണ്ടെത്തി. സി.ഐ ജയകൃഷ്ണൻ, സഹിൽ, അഭിസലാം, പ്രകാശ് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.