കൊല്ലം: വില കുതിക്കുമ്പോഴും പച്ചക്കറി ലഭ്യത കുറഞ്ഞതോടെ ജില്ലയിൽ പ്രവർത്തിച്ചിരുന്ന പകുതിയിലധികം ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകൾക്കും താഴുവീണു. ഹോർട്ടികോർപ്പ് നേരിട്ട് നടത്തുന്നതൊഴികെ ഹോർട്ടികോർപ്പ് ലൈസൻസെടുത്ത് നടത്തിവന്ന പതിനഞ്ചോളം ഔട്ട്‌ലെറ്റുകളാണ് പലപ്പോഴായി പൂട്ടിയത്.
ഇരുപത്തിയെട്ട് ലൈസൻസി ഔട്ട്‌ലെറ്റുകളാണ് പ്രവർത്തിച്ചിരുന്നത്.
സ്റ്റാളുകൾ വിൽപ്പനയ്ക്ക് ആവശ്യപ്പെടുന്നത്ര പച്ചക്കറികൾ പലപ്പോഴും എത്തിച്ചുനൽകാനും സംഭരണകേന്ദ്രങ്ങൾക്ക് കഴിയുന്നില്ല. കർഷകരും മൊത്ത വ്യാപാരികളും പച്ചക്കറി നൽകുന്നത് നിറുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
അമര, വെണ്ട, മത്തൻ (നാടൻ), മുളക്, വെള്ളരി (നാടൻ) പടവലം, ക്യാബേജ്, മുരിങ്ങയ്ക്ക, ബീറ്ര്‌റൂട്ട്, ചേന, സവാള, ഏത്തൻ എന്നിവയ്ക്ക് പൊതുവിപണിയേക്കാൾ ഹോർട്ടികോർപ്പിൽ വില കൂടുതലാണ്. കത്തിരി ,വഴുതന, ക്യാരറ്റ്, തക്കാളി, ഇഞ്ചി, ചെറിയ ഉള്ളി, സലാഡ് വെള്ളരി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കാണ് താരതമ്യേന വിലക്കുറവ്. വെളുത്തുള്ളി, തടിയൻ കാ എന്നിവയ്ക്ക് ഒരേ വിലയാണ്. തേങ്ങയ്ക്കും പൊതുവിപണിയേക്കാൾ വില കൂടുതലാണ്.
കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന സ്ഥലങ്ങളിലടക്കം കൃഷി കുറഞ്ഞതും കനത്തവേനലും മഴയും മൂലം വ്യാപകമായി കൃഷി നശിച്ചതുമാണ് പൊതുവിപണിയിൽ പച്ചക്കറി വില ഉയർത്തിയത്.
വില നൽകിയില്ല, കർഷകർ കൈയൊഴിഞ്ഞു
തീവിലയായിട്ടും ഹോർട്ടികോർപ്പിന് വിപണിയിൽ ഇടപെടാനാകുന്നില്ല
കർഷകരും മൊത്ത വ്യാപാരികളും പച്ചക്കറി നൽകുന്നത് നിറുത്തി
പണം നൽകാൻ വൈകുന്നതാണ് കാരണം
തുറന്ന് പ്രവർത്തിക്കുന്നവയിൽ വേണ്ടത്ര പച്ചക്കറികൾ ഇല്ല
ഇന്നലത്തെ വില (ഹോർട്ടി കോർപ്പ്, പൊതുവിപണി)
വെണ്ട- 35,30
മുളക്- 105,75
പടവലം - 52,40
ക്യാബേജ്-58,50
മുരിങ്ങയ്ക്ക -68,45
ബീറ്റ്‌റൂട്ട് - 60,45
ചേന- 95(നാടൻ),80
സവാള-46,42
ചെറിള ഉള്ളി - 65,55
ഏത്തൻ - 68(നാടൻ),65
ക്യാരറ്റ്-130,140
തക്കാളി-46(നാടൻ),50
ഇഞ്ചി- 165,190
ഉരുളക്കിഴങ്ങ്-48,55
വെളുത്തുള്ളി- 250,250
ജില്ലയിൽ പച്ചക്കറിക്ക് ക്ഷാമം ഉണ്ടാകുമ്പോൾ മറ്ര് ജില്ലകളിൽ നിന്ന് പച്ചക്കറി എത്തിക്കുന്നുണ്ട്.
ഹോർട്ടികോർപ്പ് അധികൃതർ