kannan
കണ്ണനല്ലൂർ ജംഗ്ഷൻ വികസനം

ഒരു മാസത്തിനുള്ളിൽ ടെണ്ടർ

കൊല്ലം: കണ്ണനല്ലൂർ ജംഗ്ഷനിലേക്ക് നാല് പ്രധാന റോഡുകളിൽ നിന്നു വാഹനങ്ങളെത്തി സ്ഥിരമായുണ്ടാകുന്ന ഗതാഗത സ്തംഭനത്തിന് പരിഹാരം കാണാനുള്ള ജംഗ്ഷൻ വികസന പദ്ധതി യാഥാർത്ഥ്യത്തി​ലേക്ക്. ഏറ്റെടുക്കുന്ന ഭൂമിക്കും പൊളിക്കുന്ന കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ചു. ഒരുമാസത്തിനുള്ളിൽ വിതരണം പൂർത്തിയാക്കി ഭൂമി കൈമാറിക്കിട്ടുന്നതിന് പിന്നാലെ, നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ ക്ഷണിക്കും.

കണ്ണനല്ലൂർ ജംഗ്ഷനിൽ നിന്നു കൊട്ടിയം, കുണ്ടറ, ആയൂർ, കൊല്ലം റോഡുകൾ 250 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലും വികസിപ്പിക്കുന്നതാണ് പദ്ധതി. 250 മീറ്റർ നീളത്തിൽ മീഡിയനും ജംഗ്ഷനിൽ ട്രാഫിക് ഐലൻഡും ഉണ്ടാകും. വികസനത്തിന്റെ വിശദമായ രൂപരേഖ നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിൽ തയ്യാറാക്കുകയാണ്. വിശദ രൂപരേഖ അന്തിമമായെങ്കി​ൽ മാത്രമേ നിർമ്മാണ ചെലവ് പൂർണമായി വ്യക്തമാവുകയുള്ളൂ. രൂപരേഖയ്ക്ക് കിഫ്ബി ബോർഡിന്റെ അനുമതിയും ലഭിക്കണം.

 ഗതാഗത സ്തംഭനം തുടർക്കഥ

നാല് റോഡുകളിലും നിന്ന് നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം എത്തുന്ന കണ്ണനല്ലൂർ ജംഗ്ഷനിൽ ഗതാഗത സ്തംഭനം പതിവാണ്. ഇടമില്ലാത്തതിനാൽ കുരുക്ക് രൂപപ്പെട്ട് കഴിഞ്ഞാൽ പരിഹാരത്തിനും ഏറെ സമയമെടുക്കും. ഈ സമയത്ത് ജംഗ്ഷനിൽ നിന്നു കാൽനടയാത്രയും അസാദ്ധ്യമാണ്. അപകടങ്ങളും ഇവി​ടെ പതി​വയി​.

..............................

 വികസനം 250 മീറ്റർ നീളത്തിൽ

 റോഡിന്റെ വീതി 18 മീറ്ററാക്കും

 32.89 കോടിയുടെ നഷ്ടപരിഹാര പാക്കേജ്
 ഏറ്രെടുക്കുന്നത് 50.31 ആർസ് ഭൂമി
 തൊഴിൽ നഷ്ടപ്പെടുന്നവർക്ക് 67.24 ലക്ഷം

 നഷ്ടപരിഹാരത്തുക ഉടൻ ബാങ്ക് അക്കൗണ്ടിലേക്ക്

കണ്ണനല്ലൂർ ജംഗ്ഷൻ വികസനത്തിന്റെ രൂപരേഖ തയ്യാറായി വരികയാണ്. വൈകാതെ അംഗീകാരത്തിനായി കിഫ്ബിക്ക് സമർപ്പിക്കും

കെ.ആർ.എഫ്.ബി അധികൃതർ