കൊല്ലം: കർക്കടകവാവ് ബലിതർപ്പണത്തിന് താന്നിയിലും പാപനാശത്തും എത്താൻ ആയിരങ്ങൾ ആശ്രയിക്കുന്ന മയ്യനാട്- കല്ലുപാലം റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. ബലിതർപ്പണ ഒരുക്കങ്ങളുടെ ഭാഗമായി കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കുഴികൾ നികത്തി,ആ ഭാഗം മാത്രം ടാർ ചെയ്യുന്നത്.
കുഴികളിൽ മെറ്റലിട്ട് അടയ്ക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ മഴ മാറി നിന്നാൽ ടാറിംഗ് നടക്കും. കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് അറ്റുകുറ്റപ്പണി. കല്ലുപാലം, മുണ്ടയ്ക്കൽ കച്ചിക്കടവ് വഴി ഇരവിപുരം, മയ്യനാട് കാര്യത്തുമുക്ക് വരെയുള്ള റോഡ് എന്നിവ ഏറെക്കാലമായി തകർന്നുകിടക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരടക്കം കുഴികളിൽ വീണ് പരിക്കേൽക്കുന്നതും പതിവാണ്.
മയ്യനാട് കല്ലുപാലം വരെയുള്ള റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ 2018ൽ 12.66 കോടി രൂപയ്ക്ക് കരാർ നൽകിയിരുന്നു. മൂന്നര വർഷം പിന്നിട്ടിട്ടും പേരിനു മാത്രമുള്ള ജോലികളാണ് കരാറുകാരൻ പൂർത്തിയാക്കിയത്. കർശന നിർദ്ദേശങ്ങൾ നൽകിയിട്ടും ഇയാൾ ഉഴപ്പിയതോടെ കരാർ റദ്ദാക്കി. ശേഷിക്കുന്ന പ്രവൃത്തികൾക്ക് പലതവണ ടെണ്ടർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുത്തിട്ടില്ല.