ns
തോപ്പിൽ മുക്കിലൂടെ കുട്ടികൾ റോഡ് മുറിച്ചു കടക്കുന്നു

ശാസ്താംകോട്ട: ചവറ - ശാസ്താംകോട്ട റോഡിൽ തോപ്പിൽ മുക്ക് ജംഗ്ഷനിലെ തിരക്ക് രാവിലെയും വൈകിട്ടുമാണ്. ആയിരത്തിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും ബസിറങ്ങുന്ന പ്രധാന ജംഗ്ഷനായിട്ടും ഇവിടെ ഗാർഡുമാരെ നിയമിച്ചിട്ടില്ല. രാവിലെയും വൈകിട്ടും വിദ്യാർത്ഥികൾ റോഡു മുറിച്ചു കടക്കുന്ന സമയത്ത് അപകട സാദ്ധ്യത ഏറെയാണ്. തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ ,കോവൂർ യു.പി.എസ്, കോവൂർ എൽ.പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാ‌ർത്ഥഇകളെ തിരക്കേറിയ ചില ദിവസങ്ങളിൽ സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരാണ് സഹായിക്കുന്നത്. കാൽനടയായും സൈക്കിളിലും വിദ്യാർത്ഥികൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ തലനാഴിരയ്ക്കാണ് മിക്കപ്പോഴും അപകടം ഒഴിവാകുന്നത്.

മുന്നറിയിപ്പ് ബോർഡുകളില്ല

തിരക്കേറിയ ശാസ്താംകോട്ട - ചവറ റോഡിൽ വളവിലാണ് തോപ്പിൽ മുക്കിൽ ബസ് സ്റ്റോപ്പുള്ളത്. നിറുത്തിയ ബസിന്റെ മുൻവശത്തുകൂടിയും പിറകു വശത്തുകൂടിയും വിദ്യാർത്ഥികൾ റോഡു മുറിച്ചു കടക്കുന്നതും അപകട ഭീഷണി ഉയർത്തുന്നതാണ്. ബസ് സ്റ്റോപ്പിൽ റോഡ് പൊളിഞ്ഞു കുഴിയായി കിടക്കുന്നതിനാൽ ബസിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾ കുഴിയിൽ വീഴാനും സാദ്ധ്യതയേറെയാണ്. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ അമിത വേഗത്തിലാണ് വാഹനങ്ങളും കടന്നു പോകുന്നത്.

പൊലീസ് ഇടപെടാറില്ല

തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയായ തോപ്പിൽ മുക്ക് ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയാണ് സ്കൂൾ അധികൃതർ തോപ്പിൽ മുക്കിലെ തിരക്ക് നിയന്ത്രിക്കുന്നത്. തിരക്കേറിയ രാവിലെയും വൈകിട്ടുമെങ്കിലും തോപ്പിൽ മുക്കിൽ ഗതാഗത നിയന്ത്രണത്തിന് ഗാർഡുമാരെയോ പൊലീസിനെയോ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചവറ തെക്കുംഭാഗം പൊലീസ് തോപ്പിൽ മുക്കിന് സമീപം വാഹന പരിശോധന നടത്തുമെങ്കിലും ഗതാഗത നിയന്ത്രണത്തിൽ ഇടപെടാറില്ലെന്നാണ് നാട്ടുകാ‌ർ പറയുന്നത്.