കരുനാഗപ്പള്ളി : നവംബർ 4 മുതൽ 11 വരെ സംസ്ഥാനത്ത് നടക്കുന്ന പ്രഥമ കേരള ഒളിമ്പിക്സിന് മുന്നോടിയായി കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായിക വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. കുലശേഖര പുരം ഗ്രാമപഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപത്തുനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാകുമാരി ദീപം തെളിച്ചു. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം സ്കൂൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും സ്കൂളിൽ പ്രത്യേക അസംബ്ലിയും ചേർന്നു. സ്കൂൾ അത്‌ലറ്റുകൾ കൈമാറി എത്തിച്ച ഒളിമ്പിക്സ് ദീപശിഖ സ്കൂൾ അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.സലിം ഏറ്റുവാങ്ങി. സ്കൂൾ കായിക അദ്ധ്യാപിക ഗീത ഒളിമ്പിക്സ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് അയ്യപ്പൻ, നിസാം, ജയകുമാർ,സോണി ലൂയിസ് എന്നിവർ സംസാരിച്ചു.