കൊല്ലം: വയനാട്ടിലെ ദുരിതബാധിതർക്കായി 25 ലക്ഷം രൂപ സമാഹരിക്കാൻ പള്ളിമൺ സിദ്ധാർത്ഥ ആസ്ഥാനത്ത് ചേർന്ന രക്ഷാകർത്തൃയോഗം തീരുമാനിച്ചു. സിദ്ധാർത്ഥതയുടെ മൂന്ന് വിദ്യാലയങ്ങളിൽ നിന്നായാണ് തുക കണ്ടെത്തുക. ആർഭാടവും അമിത ഭക്ഷണവും ഒഴിവാക്കി മിച്ചംപിടിച്ച തുകകൊണ്ട് സഹായിക്കാൻ തയ്യാറാകാൻ അദ്ധ്യാപകർ ആഹ്വാനം ചെയ്തു. സ്കൂൾ ലീഡേഴ്സും മിനിസ്റ്റേഴ്സും ക്ലാസുകൾ സന്ദർശിച്ച് നിർദ്ദേശം നൽകി.
2018 ലെ പ്രളയത്തിൽ 10 ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയിരുന്നു. മൂന്ന് വിദ്യാലയങ്ങളിൽ നിന്നായി രണ്ട് തവണകളിൽ ആകെ18 ലക്ഷം രൂപയും അത്രതന്നെ സാമഗ്രികളും എത്തിക്കാൻ പി.ടി.എയ്ക്ക് കഴിഞ്ഞിരുന്നു. യോഗത്തിൽ സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി യു.സുരേഷ് ആമുഖപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഗിരീഷ് ബാബു സ്വാഗതവും എക്സി. അംഗം പ്രകാശ് വിലങ്ങറ നന്ദിയും പറഞ്ഞു.