ചടയമംഗലം: റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അപകടങ്ങളുടെ കാരണങ്ങളും അക്കമിട്ട് നിരത്തി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ ഫലപ്രദമായി.

കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പും ചടയമംഗലം ജടായു ലയൺസ് ക്ളബ്ബും സംയുക്തമായി ചടയമംഗലം ഹരിശ്രീ ഹോസ്പിറ്റൽ ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഓട്ടോ ഡ്രൈവർമാരും മറ്റ് മോട്ടോർ തൊഴിലാളികളും ലയൺസ് ക്ളബ്ബ് അംഗങ്ങളുമടക്കമുള്ളവരുടെ നല്ല പങ്കാളിത്തത്തോടെയാണ് സെമിനാർ ഒരുക്കിയത്.

നിരീക്ഷണ കാമറകളും വേഗത നിയന്ത്രണ സംവിധാനങ്ങളും റോഡുവക്കിലെ പരിശോധനാ സംവിധാനങ്ങളുമൊന്നുമല്ല, വാഹന ഡ്രൈവർമാർക്ക് റോഡ് മര്യാദയെപ്പറ്റിയുള്ള നല്ല അവബോധമാണ് വേണ്ടതെന്ന് സെമിനാർ വിലയിരുത്തി. കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്.ബിജു സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിലെ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ.കുഞ്ഞുമോൻ ക്ളാസ് നയിച്ചു. ചടയമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജി.കെ.അജയകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പ്രമോദ്, ചടയമംഗലം ഹരീശ്രീ ഹോസ്പിറ്റൽ എം.ഡി ഡോ.വി.സജീവ്, ജടായു ലയൺസ് ക്ളബ്ബ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ, പാർത്ഥസാരഥി എന്നിവർ സംസാരിച്ചു. കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ സ്വാഗതവും കടയ്ക്കൽ ലേഖകൻ പി.അനിൽകുമാർ നന്ദിയും പറഞ്ഞു.

ശരിയായ അവബോധമില്ലാത്തതിനാലാണ് നിരത്തുകളിൽ നിയമലംഘനം കൂടാൻ കാരണം. റോഡപകടങ്ങളുടെ എണ്ണവും മരണസംഖ്യയും കൂടുന്നു. അതുകൊണ്ടുതന്നെ റോഡപകടങ്ങൾ കുറയ്ക്കാനായി മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനകളും നടപടികളും കൈക്കൊണ്ടുവരികയാണ്. റോഡപകടങ്ങളിൽ ഒരാൾപോലും മരണപ്പെടരുത് എന്നതാണ് മുന്നിലുള്ള ലക്ഷ്യം. സീറ്റ് ബെൽട്ട്, ഹെൽമറ്റ് എന്നിവയൊക്കെ ധരിക്കേണ്ടത് അവനവന്റെ ആവശ്യമാണെന്ന ധാരണ ഇനിയും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെയും കാമറകളെയും പേടിച്ച് ധരിക്കേണ്ടവയല്ല ഇതൊന്നും. ഗതാഗത നിയമങ്ങൾ ഡ്രൈവിംഗ് ടെസ്റ്റ് സമയത്ത് മാത്രമല്ല, ഇത്തരത്തിൽ ബോധവത്കരണ പരിപാടികളിലൂടെ കൂടുതൽപ്പേരിൽ എത്തിക്കണം.

എസ്.ബിജു, ആർ.ടി.ഒ, എൻഫോഴ്സ്മെന്റ്, കൊല്ലം

ലേണേഴ്സ് ടെസ്റ്റിന് വേണ്ടിമാത്രമല്ല റോഡ് നിയമങ്ങൾ പഠിക്കേണ്ടത്. ജീവിതത്തിലുടനീളം അവ ആവശ്യമാണ്. നിത്യജീവിതത്തിൽ റോഡുകളിൽ ഇതിന്റെ പരീക്ഷകൾ നടക്കുന്നുവെന്ന ബോധ്യം ഉണ്ടാകണം. ഇന്ന് എല്ലാ വീടുകളിലും കുറഞ്ഞത് ഒരു വാഹനമെങ്കിലും ഉണ്ട്. അതിനനുസരിച്ച് റോഡ് വികസനമടക്കം നടന്നിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. അപകടങ്ങളുടെ നിരക്ക് കൂടിവരുന്നുമുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. ശബരിമല തീർത്ഥാടനത്തിന് പോകുമ്പോൾ നാലര കിലോമീറ്റർ വീതം മലകയറ്റവും മലയിറക്കവും. അതേ ക്ഷീണത്തോടെ വാഹനം ഡ്രൈവ് ചെയ്യുന്ന ശീലം സാധാരണയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന ഇത്തരം രീതികൾ ഒഴിവാക്കണം. ദീർഘദൂര യാത്രകൾക്കിടയിൽ ഡ്രൈവറോട് വർത്തമാനം പറയണം, ഇടയ്ക്ക് ചായ വാങ്ങി നൽകണം. അല്ലാത്തപക്ഷം ഡ്രൈവർ ഒരു നിമിഷം ഉറക്കത്തിലേക്ക് വഴുതിപ്പോയാൽ വലിയ ദുരന്തമുണ്ടാകും.

ബിനു.എൻ.കുഞ്ഞുമോൻ, വെഹിക്കിൾ ഇൻസ്പക്ടർ

നിരത്തിൽ വാഹനങ്ങൾ കൂടിവരുന്നുവെന്നത് യാഥാർത്ഥ്യമാണ്. നമ്മളും അതിന് അനുസരിച്ച് മാറേണ്ടതുണ്ട്. റോഡ് മര്യാദകൾ പാലിക്കപ്പെടണം. കുട്ടിക്കാലംമുതൽ അത്തരം ശീലമുണ്ടാകണം. നിരത്തിൽ ഒരു ജീവൻപോലും പൊലിയരുതെന്ന ചിന്ത എല്ലാവർക്കും ഉണ്ടാവുകയും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുകയും വേണം.

ജി.കെ.അജയകുമാർ, വെഹിക്കിൾ ഇൻസ്പക്ടർ

ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. മറ്റുള്ളവരുടെ ജീവനും ഭീഷണിയാണത്. അതുപോലെയാണ് മൊബൈൽ ഫോണുകളിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗും. നിരത്തിൽ വാഹനവുമായി ഇറങ്ങുന്നവർക്ക് സ്വയം ബോധവത്കരണം അനിവാര്യമാണ്. ഒരുപാടുപേരുടെ ജീവൻ തന്റെ കൈകളിലാണെന്ന ബോധ്യം വേണം. ഡ്രൈവർമാർ ചെയ്യുന്ന തൊഴിലിനോട് കൂടുതൽ ആത്മാർത്ഥത കാട്ടണം.

ഡോ.വി.സജീവ്, എം.ഡി ഹരീശ്രീ ഹോസ്പിറ്റൽ