തൊടിയൂർ: കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡിൽ നിർമ്മാണം പൂർത്തിയായ മാളിയേക്കൽ മേൽപ്പാലത്തിൽ ഭാരപരിശോധന നടത്തി. പാലത്തിലൂടെ ഒരു സമയം കടന്നു പോകാനിടയുള്ള ആകെ ഭാരത്തിന്റെ രണ്ട് മടങ്ങ് വരുന്ന 140 മെട്രിക് ടൺ ഭാരം പാലത്തിൽ കയറ്റിയാണ് പരിശോധന നടത്തിയത്.
ഇത്രയും ഭാരത്തിന് സമാനമായ കൂറ്റൻ കോൺക്രീറ്റ് ബീമുകൾ നിറച്ച വാഹനം നാലു ദിവസം പാലത്തിന് മുകളിൽ നിറുത്തിയിടും. തുടർന്ന് പാലത്തിന്റെ തൂണുകൾ, ഗർഡറുകൾ എന്നിവയിൽ എന്തെങ്കിലും ചലനങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നറിയാൻ വൈബ്രേഷൻ പരിശോധന നടത്തും. മാറ്റർ ലാബ് കോഴിക്കോട് ആണ് ഭാരപരിശോധന നടത്തുന്നത്.
പാലത്തിന്റെ നിർമ്മാണച്ചുമതലയുള്ള കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഇത് പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിന് സജ്ജമാകും.
മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിപ്പുണ്ടായെങ്കിലും തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.