കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 നാൾ നീണ്ടുനിന്ന ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ബോട്ടുകൾ കൂട്ടത്തോടെ കടലിലേക്ക് കുതിച്ചു. ജില്ലയിൽ ശക്തികുളങ്ങര, അഴീക്കൽ ഹാർബറുകളിൽ നിന്നാണ് ബോട്ടുകൾ കടലിൽ പോയത്.

ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നീണ്ടകര പാലത്തിന് കുറുകെ കെട്ടിയിരുന്ന ചങ്ങലയുടെ താക്കോൽ ജില്ലാ ഭരണകൂടം ഇന്നലെ രാത്രി 12 ഓടെ ഫിഷറീസ് വകുപ്പിന് കൈമാറി. തുടർന്ന് ഫിഷറീസ് വകുപ്പ് അധികൃതർ ചങ്ങലയഴിച്ച് ബോട്ടുകൾക്ക് കടലിലേക്ക് കുതിക്കാനുള്ള വഴി തുറന്നു. ആഴക്കടിലിലേക്ക് പോകാത്ത ബോട്ടുകൾ ഇന്ന് ഉച്ചയോടെ മത്സ്യവുമായി മടങ്ങിയെത്തും. ശക്തമായ മഴയിൽ കടൽ തണുത്തതിനാൽ തീരക്കടൽ ബോട്ടുകൾക്ക് കാര്യമായ കോള് ലഭിക്കുമെന്നാണ് പ്രതീക്ഷ.