കൊല്ലം: കൊല്ലത്ത് സി.ജി.എച്ച്.എസ് വെൽനസ് സെന്റർ ആരംഭിക്കാനുള്ള നടപടികൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നദ്ദ ഉറപ്പ് നൽകിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ന്യുഡൽഹിയിൽ മന്ത്രിയുമായി ചർച്ച നടത്തി. മന്ത്രിതല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുൻസർക്കാരിന്റെ കാലത്ത് ആരംഭിച്ച ഫയലിലെ തുടർച്ചയായിട്ടാണ് ഇപ്പോൾ വെൽനസ് സെന്ററിന്റെ നടപടികൾ പുരോഗമിക്കുന്നത്. ഗുണഭോക്താക്കളുടെ അംഗസംഖ്യ കണക്കുകൾ സഹിതം ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ മന്ത്രി സ്ഥാനമേറ്റെടുത്ത സാഹചര്യത്തിലാണ് നടപടികൾ ത്വരിതപ്പെടുത്തുന്നത്. എത്രയും വേഗം വെൽനസ് സെന്റർ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.പി അറിയിച്ചു.