പുനലൂർ: കരവാളൂർ പഞ്ചായത്തിലെ ടൗൺ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിലെ അനൂപ് പി.ഉമ്മൻ(സി.പി.ഐ) 171 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫിലെ ബി.മായദേവിയെ (ആർ.എസ്.പി) പരാജയപ്പെടുത്തിയാണ് അനൂപ് വിജയിച്ചത്. അനൂപിനെ 406 വോട്ടും മായദേവിക്ക് 235 വോട്ടും ലഭിച്ചു. ടൗൺ വാർഡിൽ നിന്ന് നേരത്തെ വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്.രാജൻപിള്ളയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് റിബലായി മുൻ കോൺഗ്രസ് കരവാളൂർ മണ്ഡലം പ്രസിഡന്റായിരുന്ന അജയകുമാർ, ബി.ജെ.പി, ഡി.എം.കെ സ്ഥാനാർത്ഥികളും മത്സര രംഗത്ത് ഉണ്ടായിരുന്നു. നിലവിൽ സ്വതന്ത്രരുടെ
പിന്തുണയോടെ യു.ഡി.എഫിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണം നടത്തി വരുന്നത്.16 അംഗ ഭരണ സമിതിയിൽ ഉപതിരഞ്ഞെടുപ്പോടെ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ആറും സീറ്റായി. ഇന്നലെ രാവിലെ 10ന് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽവച്ചായിരുന്നു വോട്ടെണ്ണൽ.ഫല പ്രഖ്യാപനത്തിന് ശേഷം ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആഹ്ളാദ പ്രകടനവുംയോഗവും നടത്തി. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.കെ.ഷാജി.ജോബോയ് പേരേര, പ്രസാദ് ഗോപി, എസ്.എൻ.രാജേഷ്, ജെ.ഡേവിഡ് ,രാജിലാൽ തുടങ്ങിയവർ സംസാരിച്ചു.