കൊല്ലം: ജില്ലയിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച എല്ലാ നേതാക്കളെയും പ്രവർത്തകരെയും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു. നാല് പഞ്ചായത്ത് വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തത് വിജയത്തിന് കൂടുതൽ തിളക്കം നൽകി. ജില്ലയെ പ്രതിനിധീകരിക്കുന്ന മൂന്ന് പാർലമെന്റ് സീറ്റുകളിലും ജയിച്ചതിന്റെ തുടർച്ചയായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിളക്കമാർന്ന വിജയം ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജം നൽകും. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് മുന്നേറാൻ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രചോദനമാകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.