പെരിങ്ങോട്ടുകര : പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ കുത്തഴിഞ്ഞ പ്രവർത്തനം താന്ന്യം പഞ്ചായത്ത് വാതക ശ്മശാനം 'ശാന്തി തീരം' ത്തിന്റെ പ്രവർത്തനത്തിന് വിലങ്ങുതടിയാകുന്നു. മനോഹരമായ കനോലിക്കനാലിന് അരികെയാണ് 'ശാന്തി തീരവും'. പക്ഷെ പേരിലെ ശാന്തത ഇല്ലാതാക്കിയിരിക്കുകയാണ് പഞ്ചായത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രം.
സമീപത്തെ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ നിന്ന് പുറംതള്ളുന്ന മാലിന്യമാണ് ശ്മശാനത്തിന് ചുറ്റിലും. അതിൽ പലതും തരംതിരിച്ചതിനുശേഷം അവശേഷിച്ചവയാണ്. ചെരിപ്പും കവറും കുപ്പിയും ഉൾപ്പെടെ സകലതുമുണ്ട്. അസഹ്യമായ ദുർഗന്ധവുമാണ്. പ്ലാസ്റ്റിക്കുകൾ ഇടക്കിടെ കയറ്റിപ്പോകുന്നുണ്ടെങ്കിലും ഉപയോഗശൂന്യമായവ പരിസരത്ത് കുന്നുകൂടി കിടക്കുന്നുണ്ട്. അതിനിടെ തരംതിരിച്ച പ്ലാസ്റ്റിക്കുകൾ ചാക്കിലാക്കി ശ്മശാനത്തിന്റെ മതിൽക്കെട്ടിനകത്ത് സൂക്ഷിച്ചിരുന്നു. ഇതെല്ലാം മൂലം സംസ്‌കാര ചടങ്ങുകൾക്കായി ഇവിടെ എത്തുന്നവരുടെ പ്രയാസം വിവരണാതീതമാണ്. ചില സമയങ്ങളിൽ പഞ്ചായത്ത് തന്നെ മുൻകൈയെടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാറുണ്ടെങ്കിലും കുറച്ച് ദിവസം കഴിഞ്ഞാൽ എല്ലാം പഴയപടി കുഞ്ഞഴിഞ്ഞ് തന്നെ.
അലക്ഷ്യമായിടുന്ന പ്ലാസ്റ്റിക് മാലിന്യം കനോലിക്കനാലിലേക്ക് പടരുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കും. മഴ പെയ്ത് വെള്ളം കയറിയാൽ പ്രതിസന്ധി രൂക്ഷമാകും. ഇവയെല്ലാം കുത്തിയൊലിച്ച് പുഴയിലേക്കും സമീപത്ത് തരിശുകിടക്കുന്ന ഏക്കറുകണക്കിന് പാടത്തേക്കും വ്യാപിക്കും. കന്നുകാലികൾക്കും മത്സ്യസമ്പത്തിനും ഭീഷണിയാകും. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി മാലിന്യ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
എത്തുന്നത് നിരവധി മൃതദേഹങ്ങൾ
പൊതുശ്മശാനമില്ലാത്ത അന്തിക്കാട്, ചാഴൂർ എന്നിവിടങ്ങളിൽ നിന്നും ഇവിടേക്ക് മൃതദേഹങ്ങളെത്താറുണ്ട്. സർക്കാർ ഫണ്ട്, ലോകബാങ്ക്, ജില്ലാ പഞ്ചായത്ത്, ധനകാര്യകമ്മീഷൻ ഗ്രാൻഡ്, പഞ്ചായത്ത് വിഹിതം എന്നിവയടക്കം ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ശ്മശാനം നിർമ്മിച്ചത്. 2018ലെ പ്രളയത്തിൽ വലിയ നാശം സംഭവിച്ചിരുന്നു. തുടർന്ന് താന്ന്യം പഞ്ചായത്ത് വൻതുക ചെലവഴിച്ച് നവീകരിച്ചു. കെട്ടിടം ശോചനീയാവസ്ഥയിലാണെങ്കിലും അടുത്തിടെയായി നവീകരണ പ്രവർത്തനം നടക്കുന്നുണ്ട്.
ശ്മശാനത്തിനരികെ കൂന്നുകൂടി കിടന്നിരുന്ന മാലിന്യം നീക്കി. മാലിന്യങ്ങൾ കൂട്ടിയിടുന്നതിനും തരംതിരിക്കുന്നതിനുമായി പുതിയ കെട്ടിടം (എം.സി.എഫ്) ഷീറ്റ് മേയുന്നത് പൂർത്തിയായി വരുന്നു. റോഡരികിൽ കൂട്ടിയിടുന്ന മാലിന്യം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതിനും നടപടിയായിട്ടുണ്ട്.
- ശുഭ സുരേഷ് (പ്രസിഡന്റ് , താന്ന്യം പഞ്ചായത്ത്)