train

തൃശൂർ: ഒന്നര കിലോമീറ്ററോളം വ്യത്യാസത്തിൽ സിഗ്‌നൽ പോസ്റ്റുകൾ, അതുവഴി ട്രെയിനുകൾക്ക് ഒന്നിന് പിറകെ ഒന്നായി ഓടാം. സംസ്ഥാനത്ത് റെയിൽപ്പാതയിൽ ആദ്യത്തെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിംഗ് സംവിധാനം (എ.ബി.എസ്.) എറണാകുളം സൗത്ത് - വള്ളത്തോൾ നഗർ സ്റ്റേഷനുകൾക്കിടയിൽ പൂർത്തിയായാൽ ഇനി ട്രെയിനുകൾ നിറുത്തിയിടേണ്ടി വരില്ല.
കെ റെയിലും റെയിൽ വികാസ് നിഗവും ചേർന്നുള്ള സംയുക്തസംരംഭമാണ് കഴിഞ്ഞദിവസം ഇതിനുളള കരാർ സ്വന്തമാക്കിയത്. മഴക്കാലം കഴിയുന്നതോടെ നിർമ്മാണപ്രവർത്തനം തുടങ്ങും.

സംവിധാനം നിലവിൽ വരുന്നതോടെ പാതയിലൂടെ കടന്നുപോകുന്ന സർവീസുകളുടെ ഇടവേള കുറയും. കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും. പാതയുടെ ശേഷി മൂന്നിരട്ടിയോളം കൂടും. നിലവിലുള്ളത് ആബ്‌സൊല്യൂട്ട് ബ്‌ളോക്ക് സിഗ്‌നലാണ്. ആദ്യം പോകുന്ന ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയാലാണ് പിന്നാലെ വരുന്ന ട്രെയിനിനെ കടത്തിവിടുക. അതുവരെ പിടിച്ചിടും. കേരളത്തിൽ ഏറെ ഗതാഗതത്തിരക്കുള്ളതാണ് എറണാകുളം ഷൊർണ്ണൂർ മേഖല.

കൂടുതൽ പാതകൾ വരുമോ ?

എറണാകുളം ഷൊർണ്ണൂർ മേഖലയിൽ, റെയിൽവേ വികസനത്തിന്റെ അടുത്ത പടിയായ മൂന്നും നാലും പാതകൾ നിർമ്മിക്കാനുള്ള നടപടികൾ ഇതോടൊപ്പം റെയിൽവേ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. ഘട്ടം ഘട്ടമായി, മുൻഗണനാടിസ്ഥാനത്തിൽ കേരളത്തിലെ മറ്റിടങ്ങളിലും ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം നിലവിൽ വരണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മറ്റ് പാതകളിലേക്കും

കെ.റെയിൽ - ആർ.വി.എൻ.എൽ. സഖ്യം ഏറ്റെടുക്കുന്ന മൂന്നാമത്തെ പ്രധാന പദ്ധതി
തിരക്കേറിയ കായംകുളം - തിരുവനന്തപുരം പാതയിലേക്കും ഉടൻ സംവിധാനം വന്നേക്കും
ട്രെയിനുകൾ പാതയിലൂടെ കടന്നുപോകുന്നതനുസരിച്ച് മാത്രമേ സിഗ്‌നൽ പ്രവർത്തിക്കൂ.
നിർമാണപ്രവർത്തനങ്ങൾക്ക് മുന്നോടിയായി സർവേ നടത്തി സാദ്ധ്യതാപഠനം
ഉദ്യോഗസ്ഥർക്ക് പണി അൽപ്പം കുറയുമെങ്കിലും ശ്രദ്ധയും ജാഗ്രതയും കൂടുതൽ വേണം

റെയിൽവേ മേഖലയിൽ ഇരട്ടപ്പാതയ്ക്കും വൈദ്യുതീകരണത്തിനും പിന്നാലെ സ്വാഭാവികമായി നടക്കേണ്ട വികസനമാണ് ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം. നിലവിലുള്ള സൗകര്യങ്ങളിലൂടെ പരമാവധി വണ്ടികൾ ഓടിക്കാൻ മറ്റൊരു വഴിയില്ല. കെ- റെയിലിന് കിട്ടുന്ന പ്രധാനപ്പെട്ടൊരു കരാറാണ് ഇത്. സിൽവർലൈനിനായി മാത്രം വാശിപിടിക്കാതെ, കേരളത്തിൽ നിലവിലുള്ള റെയിൽവേ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പദ്ധതികൾ ചൂണ്ടിക്കാണിക്കാനും ഏറ്റെടുക്കാനും കെ. റെയിലിന് കഴിയേണ്ടതുണ്ട്.

പി.കൃഷ്ണകുമാർ
ജനറൽ സെക്രട്ടറി
റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ