തൃശൂർ: കടൽഭിത്തിയും ജിയോബാഗും മണൽ തടയണയും കാറ്റാടിമരങ്ങളുമെല്ലാം അടിയോടെ തകർന്നതോടെ കടലോരത്തിന്റെ പ്രതിരോധസംവിധാനങ്ങളെല്ലാം ദുർബലം. തിര ശക്തമാകുന്നതിനാൽ മണ്ണ് നിരത്തി തടയണ നിർമ്മിക്കാനും കഴിയുന്നില്ല. ചാവക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള മിക്കവാറും തീരങ്ങളിലെ കടൽഭിത്തി, ജിയോബാഗ്, മണൽ തടയണ എല്ലാം തകർത്തെറിഞ്ഞാണ് കടലാക്രമണം തുടരുന്നത്.
വർഷങ്ങൾക്ക് മുൻപുണ്ടാക്കിയ കടൽഭിത്തികൾ പോലും തകർന്നു. നൂറുകണക്കിന് ജിയോ ബാഗുകളാണ് നശിച്ചത്. നിരവധി തെങ്ങുകളും കടപുഴകി വീണു. 30 മീറ്ററോളം കരയിലേക്ക് തിര കയറിയ കടലോരങ്ങളുമുണ്ട്. കടപ്പുറം മുനക്കക്കടവ് മേഖലയിൽ അമ്പതോളം വീടുകൾ വെള്ളക്കെട്ടിലായിരുന്നു. വീടുകളിൽ ചെളി നിറഞ്ഞ നിലയിലാണ്. പുന്നയൂർക്കുളം ഭാഗത്ത് തീരത്തെ കാറ്റാടി മരങ്ങൾ കടപുഴകി വീടുകളുടെ മുകളിലേക്ക് വീണ നിലയിലാണ്. ഒട്ടേറെ തെങ്ങുകളും കടപുഴകി.
കടൽക്ഷോഭ ബാധിത പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം നേരിടുന്നതിനാൽ ടാങ്കറുകളിൽ ശുദ്ധജലം വിതരണം ചെയ്യാൻ അനുമതി തേടി കടപ്പുറം പഞ്ചായത്ത് ഭരണ സമിതി കളക്ടറെ സമീപിച്ചിരുന്നു. കടൽക്ഷോഭ ബാധിത പ്രദേശങ്ങളിൽ 24 ലക്ഷം രൂപയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ അറിയിച്ചിരുന്നു.
പലയിടങ്ങളിലും വൈദ്യുതി വിതരണം വിച്ഛേദിച്ച നിലയിലാണ്. ചില കുടുംബങ്ങൾ താമസം മാറ്റിയിട്ടുണ്ട്.
ഉൾനാടൻ മത്സ്യങ്ങളും കിട്ടാതായതോടെ തീരദേശം കൂടുതൽ വറുതിയിലായി. കനോലി കനാലിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതിയുണ്ട്. ഇതോടെ പലയിടങ്ങളിലും മത്സ്യങ്ങൾ ചത്തുപൊങ്ങി. മാലിന്യവും ആഫ്രിക്കൻ പായലും പുഴയിൽ നിറഞ്ഞിട്ടുണ്ട്. കോഴി മാലിന്യവും അറവു മാലിന്യവും പുഴയിലേക്കു വലിച്ചെറിയുന്നതും കൂടിവരുന്നുണ്ട്. ഇതുമൂലവും മത്സ്യസമ്പത്ത് കുറഞ്ഞു. വെള്ളം കലങ്ങിയതോടെ മത്സ്യവും കുറഞ്ഞു.
ഇന്നലെ മഴ കനത്തതിന് പിന്നാലെ ജില്ലയിൽ നാളെയും മഞ്ഞ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാദ്ധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം കാരണം മൂന്ന് ദിവസം കൂടി കനത്തമഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.