ചേലക്കര: വാഴക്കോട്- പ്ലാഴി സംസ്ഥാന പാത മിനുങ്ങിയിപ്പോൾ അപകടങ്ങൾ വർദ്ധിക്കുന്നു. 22.5 കിലോമീറ്റർ ദൂരമാണ് റോഡ് ഹൈടെക് ആക്കിയത്. രണ്ടു വർഷത്തോളം കാലമെടുത്ത് 105 കോടി രൂപ ചെലവിട്ട് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ടത്തി കെ.എസ്.ടി.പി പണിത റോഡാണിത്. ദിനം പ്രതി രണ്ടു വാഹനാപകടം നടക്കുന്നതായി നാട്ടുകാർ പറയുന്നു. അപകട മരണങ്ങൾക്കും കുറവില്ല. റോഡ് നന്നാക്കിയപ്പോൾ ഈ റൂട്ടിലെ വാഹനങ്ങൾക്ക് വേഗത കൂടിയതാണ് അപകടത്തിന് പ്രധാന കാരണം. ബൈക്ക്് യാത്രക്കാരാണ് അപകടങ്ങളിൽപ്പെട്ട് മരിക്കുന്നതിൽ കൂടുതൽ. രാത്രികാലങ്ങളിലാണ് അപകടം കൂടുതലും സംഭവിക്കുന്നത്. വാഹങ്ങളുടെ കൂട്ടിയിടിയെക്കാൾ ഉപരിനിയന്ത്രണം തെറ്റിയുള്ള അപകടമാണ് അധികവും. വേഗത്തിലെത്തുന്ന വാഹനങ്ങൾ മറിഞ്ഞും ചെരിഞ്ഞും റോഡിലെവശങ്ങളിലെ കുഴികളിൽ വീണും മരങ്ങളിൽ ഇടിച്ചുമാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഗുരുതരമല്ലാത്ത പല അപകടങ്ങളും സംഭവിച്ച ഉടൻതന്നെ ഉടമസ്ഥർ വാഹനങ്ങൾ സ്ഥലത്തു നിന്നും നീക്കം ചെയ്യും. ഇതോടെ പുറത്ത് അറിയാതെ പോകുന്ന അപകടങ്ങളുമുണ്ട്. ഹൈവേയിലൂടെ യാത്ര ചെയ്തിരുന്ന പല യാത്രികരും റോഡു നന്നായപ്പോൾ പരിചിതമല്ലാത്ത ഈ വഴിയിലൂടെ അമിതവേഗത്തിലെത്തുന്നതും അപകടം വർദ്ധിപ്പിക്കുന്നു. കൂടാതെ ഈ റോഡിൽ കാൽ നടക്കാർക്ക് നടക്കാൻ ഇടമില്ലാത്ത സ്ഥലമുണ്ട്. കാനകൾ പൂർണമല്ലാതെ പലയിടത്തും മഴ വെള്ളം ചരലുകളോടെ ഒഴുകി റോഡിലേക്ക് കയറുന്ന ഭാഗങ്ങളുമുണ്ട്. രാത്രികാലങ്ങളിൽ പല ഭാഗങ്ങളിലും വെളിച്ചം ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്.
പണി കഴിഞ്ഞപ്പോൾ റോഡിൽ വരച്ച ദിശാ ലൈനുകളിലും അപാകതയുണ്ട്. കൊടുംവളവിൽ വരക്കേണ്ട യഥാർത്ഥ വരകൾക്ക് പകരം ഡിവൈഡർ ലൈനുകളാണ് ഇട്ടിട്ടുള്ളത്. അതിനാൽ ഓവർ ടെയ്ക്ക് പാടില്ലാത്ത ഇവിടെ വാഹനം മറി കടക്കാമെന്ന സൂചന ലഭിക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു. റോഡ് പുനർനിർമ്മിച്ചപ്പോൾ ഉണ്ടായിരുന്ന പഴയ വളവുകൾ നിവർത്താൻ ശ്രമിക്കുകയോ കയറ്റങ്ങൾ കാര്യമായി കുറക്കുകയോ ചെയ്തിരുന്നില്ല.