കുന്നംകുളം: കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള താത്കാലിക ജീവനക്കാരുടെ വേദനം വെട്ടി കുറച്ച സംഭവം പ്രതിഷേധാർഹമാണെന്ന് താത്കാലിക ജീവനക്കാർ. 650 രൂപ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാർ 26 ദിവസം ജോലി ചെയ്താൽ ഒൻപത് ദിവസത്തെ വേതനം മാത്രമേ നൽകാൻ കഴിയൂ എന്ന സർക്കാരിന്റെ പുതിയ ഉത്തരവിനെ തുടർന്നാണ് പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തിയത്. 2024 ഏപ്രിൽ ഒന്നാം തീയതി മുതലാണ് വേതനത്തിൽ മാറ്റം വരുത്തിയത്. കേന്ദ്രസർക്കാർ തുകവെട്ടി കുറച്ചതിനാലാണ് പുതിയ തീരുമാനമെന്നും ഉടൻ പഴയ രീതിയിലാകുമെന്നും ഉദ്യോഗസ്ഥർ താത്കാലിക ജീവനക്കാർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ജീവനക്കാരെ പല ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ പലർക്കും ശമ്പളമായി ലഭിക്കുന്ന തുക യാത്ര ചെലവുകൾക്ക് മാത്രമാണ് തികയുന്നതെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. പി.എ.രവി, പ്രമോദ് ചെറിയാൻ, കെ.ബി. പ്രതീഷ്, കെ.ആർ. പ്രശാന്തൻ, പി.കെ. ഉണ്ണിക്കൃഷ്ണൻ,എൻ.വി. പ്രകാശൻ, റഫീഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.