തൃശൂർ: പുതിയ അക്കാഡമിക് വർഷത്തെ കായിക മത്സരങ്ങൾ സുബ്രതോ മുഖർജി ഫുട്‌ബാൾ മത്സരത്തോടെ തുടക്കം. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.കെ. അജിതകുമാരി അദ്ധ്യക്ഷയായി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു, ജില്ലാ സ്‌പോർട്‌സ് കോ- ഓർഡിനേറ്റർ എ.എസ്. മിഥുൻ, കെ.കെ. മജീദ് എന്നിവർ സംസാരിച്ചു. അണ്ടർ 17 ആൺകുട്ടികളുടെ സെമിയിൽ എ.പി.എച്ച്.എസ്.എസ് അളഗപ്പ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂൾ തൃശൂരിനെയും ഗവ. വോക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂൾ, കുന്നംകുളം സി.എച്ച്.എസ്.എസ് സ്‌കൂൾ ചെന്ത്രാപ്പിന്നിയെയും നേരിടും.
അണ്ടർ 15 ആൺകുട്ടികളുടെ ഒന്നാം സെമിയിൽ സെന്റ് ജോസഫ് എച്ച്.എസ്.എസ് മതിലകം സെന്റ് അഗസ്റ്റിൻ ഹയർസെക്കൻഡറി സ്‌കൂൾ കുട്ടനല്ലൂരിനെയും രണ്ടാം സെമിയിൽ എസ്.ആർ.കെ.ജി.എച്ച്.എസ്.എസ് പുറനാട്ടുകര ജി.വി.എച്ച്.എസ്.എസ് കുന്നംകുളത്തെയും നേരിടും. ടൂർണമെന്റിൽ അണ്ടർ 17 പെൺകുട്ടികളുടെ വിജയകിരീടം എസ്.എൻ.വി.എച്ച്.എസ്.എസ് ആളൂരിനെ 1-0 എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയ എൽ.ബി.എസ്.എം എച്ച്.എസ്.എസ് അവിട്ടത്തൂർ സ്വന്തമാക്കി.