പാലിയേക്കര : ടോൾപ്ലാസയിൽ നിന്നും നൽകുന്ന സൗജന്യ യാത്രാ പാസിന്റെ കാലാവധി ഒരു വർഷമായി ദീർഘിപ്പിച്ചു. വാഹന ഉടമകളുടെ തിരക്ക് നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സൗജന്യ യാത്രാ പാസിന്റെ കാലാവധി ദീർഘിപ്പിച്ചത്. കഴിഞ്ഞ ജൂൺ ഒന്നു മുതൽ അപേക്ഷിച്ചവർക്കെല്ലാം പുതിയ നിയമം ബാധകമാണ്. ഇതുവരെ ആറുമാസമായിരുന്നു സൗജന്യ യാത്രാ പാസിന്റ കാലാവധി. ടോൾപ്ലാസയുടെ പത്ത് കി.മീറ്റർ ചുറ്റളവിലുള്ളവർക്കാണ് സൗജന്യ യാത്രാ പാസ് അനുവദിക്കുന്നത്. ജൂൺ ഒന്നിന് മുമ്പ് പുതുക്കിയവർക്ക് ആറു മാസത്തിനകം പുതുക്കണം. ഇവർക്ക് പുതിയ പാസ് ലഭിക്കുമ്പോൾ ഒരു വർഷം കാലാവധിയുള്ള പാസ് ലഭിക്കും. പുതിയ പാസിന് അപേക്ഷ നൽകുന്നതിനോ, നിലവിലുള്ള പാസ് പുതുക്കുന്നതിനോ ഇനി മുതൽ പഞ്ചായത്തിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. റേഷൻകാർഡ്, ആധാർ കാർഡ്, വാഹനത്തിന്റെ ആർ.സി ബുക്ക് എന്നിവയുടെ പകർപ്പുമായി വന്നാൽ സൗജന്യ പാസ് എടുക്കാം.