road

അന്നമനട: അന്നമനട പഞ്ചായത്തിലെ പുറക്കുളം ഭാഗത്ത് മാള അന്നമനട പി.ഡബ്ല്യു.ഡി റോഡിൽ നിരന്തരമായുണ്ടാകുന്ന അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരെത്തി. അഞ്ച് ജീവനുകൾ പൊലിയുകയും നിരവധി പേർക്ക് അപകടം സംഭവിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കളക്ടർക്കും റോഡ് സേഫ്റ്റി കൗൺസിലിനും പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അജിത്, സജീവ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, ജനപ്രതിനിധികളായ ടി.കെ.സതീശൻ, കെ.എ.ബൈജു, ടി.വി.സുരേഷ് കുമാർ എന്നിവരും കൂടെയുണ്ടായിരുന്നു. വേഗത കുറയ്ക്കാനുള്ള മാർഗങ്ങൾ, ജനങ്ങൾക്ക് അപായ സൂചന നൽകുന്ന ബോർഡ് / ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. വി.ആർ.സുനിൽകുമാർ എം.എൽ.എയും ബന്ധപ്പെട്ടവരെ വിളിച്ചുകൂട്ടി ഈ ഭാഗത്തെ അപകടത്തെപ്പറ്റി ചർച്ച നടത്തിയിരുന്നു.