വടക്കാഞ്ചേരി: കാലവർഷം തിമിർത്തുപെയ്യുന്ന കർക്കടകം മലയാളികൾക്ക് പഞ്ഞമാസമാണ്, അതായത് ദാരിദ്ര്യമാസം. വർഷകാലത്ത് മലയാളിയുടെ പൊതുസ്ഥിതിയാണിത്. മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ കുംഭാര സമുദായക്കാർ അധിവസിക്കുന്ന വടക്കാഞ്ചേരി മുണ്ടത്തിക്കോട് കുംഭാരക്കോളനിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതും ദാരിദ്ര്യം തന്നെ.
പരിഷ്കാരവും സൗകര്യവും പരിഗണിച്ച് ഗ്യാസ് സ്റ്റൗ, അലുമിനിയം- സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയവ അടുക്കള ഭരിക്കാൻ തുടങ്ങിയപ്പോൾ അനുഭവപ്പെട്ട പ്രതിസന്ധി മൺപാത്ര നിർമ്മാണ തൊഴിലാളികൾ പതിയെ മറികടന്നതാണ്. കറിച്ചട്ടികൾ, കുടം, കലശപാനികൾ, കളിപ്പാട്ടങ്ങൾ, കിണർ റിംഗ് എന്നിവയിലേക്ക് വഴിമാറിയാണ് മൺ പാത്രമേഖല അതിജീവിച്ചത്.
എന്നാൽ ഓരോ മഴക്കാലമെത്തുമ്പോഴും കുംഭാരക്കോളനിയുടെ പടികയറി വീണ്ടും ദാരിദ്ര്യമെത്തും. തൊഴിലും കൂലിയുമില്ലാത്ത കാലമാണ് കുംഭാരൻമാർക്ക് മഴക്കാലം. പാത്രങ്ങൾ ഉണക്കിയെടുക്കാനും വിപണനം നടത്താനും കഴിയാത്ത ദിനങ്ങൾ. പട്ടിണി മാത്രം കൂട്ടുണ്ടാകുന്ന ദിനരാത്രങ്ങൾ.
സർക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം കുംഭാരക്കോളനിയുടെ പേര് അമ്മ നഗർ എന്നാക്കിയെങ്കിലും ജീവിതപ്രശ്നങ്ങൾക്കിപ്പോഴും പഴയ നിറം തന്നെ. 32 വീടുകളാണ് മൺപാത്ര നിർമ്മാണ തൊഴിലാളികളുടെ ഈ അമ്മ നഗറിലുള്ളത്. കുലത്തൊഴിലല്ലാതെ മറ്റൊന്നും ഇവർക്ക് വശമില്ല. പട്ടാമ്പി കുറ്റിപ്പുറം പ്രദേശങ്ങളിൽ നിന്ന് കളിമൺ എത്തിച്ചാണ് മൺപാത്ര നിർമ്മാണം നടത്തുന്നത്.
മണ്ണ് വില കൂടി പക്ഷേ...
പട്ടാമ്പി, കുറ്റിപ്പുറം ഭാഗങ്ങളിൽ നിന്ന് മൺപാത്ര നിർമ്മാണത്തിനായി ഒന്നര യൂണിറ്റ് ഉൾക്കൊള്ളുന്ന ലോറിയിൽ മണ്ണ് എത്തിക്കുന്നതിന് 16,500 രൂപ നൽകണം. കഴിഞ്ഞ വർഷം വരെ 15,000 രൂപയായിരുന്നു. 250 ഉരുള മാത്രമേ ലോറിയിൽ കൊണ്ടുവരാനാകൂ.
ഇതേസമയം, വിപണിയിലാണ് വലിയ പ്രതിസന്ധി. 50 രൂപ വിലയുള്ള ഒരു കലത്തിന് പലരും വിലപേശി 35 രൂപയേ നൽകൂ. മീൻചട്ടിക്കും ഈ വില മാത്രമേ കിട്ടൂ. മൺപാത്രങ്ങൾ മൊത്തത്തിൽ വാങ്ങിക്കൊണ്ടുപോകുന്ന ആലുവയിലെ സംഘവും മഴക്കാലത്ത് വിപണിയില്ലാത്തതിനാൽ എത്തുന്നില്ല. ഇത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
കണ്ണീരണിഞ്ഞ നഷ്ടം
തൃശൂർ ശക്തൻ മാർക്കറ്റിന് സമീപം വ്യാപാരത്തിനായി സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് മൺപാത്രങ്ങളും, കരകൗശല വസ്തുക്കളും പെരുമഴയിൽ നശിച്ചു. ടാർപോളിൻ ഷീറ്റിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. വെള്ളപൊക്കത്തിൽ ഇവയെല്ലാം ഒലിച്ചുപോകുകയായിരുന്നു. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.
മഴക്കാലത്ത് പ്രത്യേക പരിഗണന വേണംമഴക്കാലദുരിതം അകറ്റാൻ പ്രത്യേക പരിഗണന നൽകണം. അമ്മ നഗറിൽ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും മഴക്കാലത്ത് ചൂളയിടാനും ഉണക്കിയെടുക്കാനും കഴിയാത്ത അവസ്ഥയുണ്ട്. ഈ ദുരിതത്തിന് പരിഹാരം കാണാൻ അധികൃതരുടെ സഹായം വേണം.
- എം.എൻ. കുട്ടൻ
ഇനി അമ്മ നഗർ
മുണ്ടത്തിക്കോട് കുംഭാര കോളനി ഇനി അമ്മ നഗർ. കോളനികൾ എന്ന പദം ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് പേരുമാറ്റം. തങ്ങളുടെ കുലദൈവമായ മാരിയമ്മയുടെ പേരിടുന്നതിലൂടെ കൂടുതൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം.