കോൺക്രീറ്റിംഗ് നടക്കുന്നത് മൂലം കാന നിർമ്മാണം നടത്താൻ പറ്റാതെ കിടക്കുന്ന സ്ഥലം.
ചേർപ്പ് : കൊടുങ്ങല്ലൂർ- ഷൊർണൂർ പ്രധാനപാതയിലെ പാലയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ വാഹനങ്ങൾക്ക് തിരിഞ്ഞു പോകാനാവശ്യമായ വീതി ഇല്ലാത്തതിനാൽ മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്ക്. തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ നിന്ന് അമ്മാടം, കോടന്നൂർ ഭാഗത്തേക്കും ഒല്ലൂർ, ആനക്കല്ല് ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ തിരിഞ്ഞു പോകുന്ന കൊടുങ്ങല്ലൂർ- ഷൊർണൂർ പ്രധാന പാതയിലാണ് ഇതുമൂലം ഗതാഗതക്കുരുക്ക് പതിവാകുന്നത്. മണിക്കൂറുകളുടെ സമയനഷ്ടവും ഇതുമൂലം പതിവാണ്. പ്രധാന പാതയിൽ ഈ ഭാഗത്ത് വലിയ വാഹനങ്ങൾ തിരിഞ്ഞു പോകുന്നതിന് ആവശ്യമായ വീതി ഇല്ലാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.
റോഡ് വീതി കൂട്ടുന്നതിന് തടസ്സമായി നിൽക്കുന്ന മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നീക്കാതെ കരാറിൽ പറഞ്ഞിരിക്കുന്ന എട്ട് മീറ്റർ ഭാഗത്ത് മാത്രമാണ് കോൺക്രീറ്റിംഗ് നടക്കുന്നത്. ബാക്കി ഒന്നര മീറ്റർ ദൂരം കട്ട വിരിക്കുമെന്ന് പറഞ്ഞത് കടലാസിൽ ഒതുങ്ങിയിരിക്കയാണ്. റോഡിലെ വീതിക്കുറവ് മൂലം അപകടങ്ങളും പതിവായിട്ടുണ്. കൃത്യമായ പഠനം നടത്താതെയും അശാസ്ത്രീയമായ രീതിയിലുമാണ് കാന നിർമ്മാണമെന്നും ആക്ഷേപമുണ്ട്. പ്രദേശത്തിന്റെ പ്രത്യേകതകളും വാഹനങ്ങളുടെ കാലാനുസൃതമായ വർദ്ധനവും പഠിക്കാതെ 30 വർഷം മുൻപുള്ള റോഡ് അതേ വീതിയിൽ കോൺക്രീറ്റ് റോഡായി മാറ്റുന്നത് വാഹന യാത്രക്കാർക്ക് ഒരുകാലത്തും ഗുണകരമാകില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ആവശ്യമായ വീതി നൽകി റോഡ് നിർമ്മിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ഉയരുന്ന ജനകീയ ആവശ്യം.
അശാസ്ത്രീയമായ രീതികളും കാലതാമസവും റോഡ് നിർമ്മാണം ആരംഭിച്ചത് മുതൽ തുടർക്കഥയാണ്. ഇത് അപകടങ്ങൾക്കും വഴിവയ്ക്കുന്നു. പ്രദേശത്തെ വ്യാപാരികൾക്കും നൽകിയ ദുരിതങ്ങൾ ഏറെയാണ്.
- സുനിൽ സൂര്യ
(വ്യാപാരി വ്യവസായി ഏകോപന സമിതി പാലയ്ക്കൽ യൂണിറ്റ് പ്രസിഡന്റ്)