തൃശൂർ : ഇല്ലാത്ത അഴിമതിക്കഥകളുടെ പേര് പറഞ്ഞ് കേരളത്തിലെ ക്ഷേത്രങ്ങൾ പിടിച്ചടക്കുന്ന ദേവസ്വം ബോർഡുകളിൽ ഒന്നായ കൊച്ചിൻ ദേവസ്വം ബോർഡ് തങ്ങളുടെ കീഴിലുള്ള ശ്രീവടക്കുന്നാഥ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി നടത്തിയ അഴിമതിക്കെതിരെ പ്രതികരിക്കാത്തത് ദുരൂഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല പറഞ്ഞു. അഴിമതി നടത്തിയ വടക്കുന്നാഥ ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുക, കൂട്ടുനിന്ന ദേവസ്വം പ്രസിഡന്റ് രാജിവെക്കുക, ക്ഷേത്രഭൂമിയിലെ അനധികൃത നിർമ്മാണം നിറുത്തി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബോർഡിനെ നേർവഴിക്ക് നയിക്കാൻ എന്നും ഭക്തജനങ്ങൾക്ക് സമര രംഗത്തിറങ്ങേണ്ടി വരുന്നത് പരിതാപകരമാണെന്നും ശശികല പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. അഖില ഭാരതീയ അയ്യപ്പ സേവാസമാജം ട്രസ്റ്റി വി.കെ.വിശ്വനാഥൻ, പി.ആർ.ഉണ്ണി, മോഹൻ മേനോൻ, ശിവ ശിവദാസൻ , പ്രസാദ് കാക്കശ്ശേരി , ഹരി മുള്ളൂർ, സി.ബി.പ്രദീപ് കുമാർ, പി.കെ.സുബ്രൻ തുടങ്ങിയവർ സംസാരിച്ചു.