മാള: മാള ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിലേയ്ക്ക് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി പറഞ്ഞു. ആശുപത്രിയിൽ ചേർന്ന ഹോസ്പിറ്റൽ മാനേജുമെന്റ് കമ്മിറ്റിയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ബ്ലോക്ക് പഞ്ചായത്തിന് തനത് ഫണ്ട് വളരെ കുറവായതിനാലും പ്ലാനിംഗ് ഫണ്ടിൽ നിന്നും ഡോക്ടറെ നിയമിക്കാൻ നിയമം അനുവദിക്കാത്തതിനാലുമാണ് പുതുതായി ഡോക്ടറെ നിയമിക്കാനാകാത്തത്. ആശുപത്രിയിൽ 50 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അവർ പറഞ്ഞു. യോഗത്തിൽ മുൻ പ്രസിഡന്റ് സന്ധ്യ നൈസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എ. അഷറഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ആശ എന്നിവർ പ്രസംഗിച്ചു.