അന്തിക്കാട്: ക്വാറി വേസ്റ്റും ജി.എസ്.പി മെറ്റലുമിട്ട് റോഡ് ഉയർത്തി അന്തിക്കാട് കല്ലിടവഴിയിലെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരം കണ്ട് പഞ്ചായത്ത്. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വെള്ളക്കെട്ട് നിലനിൽക്കുന്ന 250 മീറ്റർ ദൂരത്തിൽ ഒമ്പത് ലോഡ് ക്വാറി വേസ്റ്റ് അടിച്ച് അതിന് മുകളിൽ മൂന്ന് ലോഡ് ജി.എസ്.പി കൂടിയിട്ട് റോഡുയർത്തി റോളർ ഉപയോഗിച്ച് ബലപ്പെടുത്തി ജെ സി ബി ഉപയോഗിച്ച് റോഡരിക് പാകപ്പെടുത്തിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. ഇവിടെ പരമ്പരാഗതമായി വെള്ളം ഒഴുകിപ്പോയിരുന്നത് സ്വകാര്യ വ്യക്തിയുടെ പറമ്പിന്നരികിലൂടെയായിരുന്നു. ഇത് തടയുകയും അവർ കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായത്. വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. ഇതേത്തുടർന്നുണ്ടായ ശ്രമങ്ങൾക്കൊടുവിലാണ് റോഡുയർത്തി വെള്ളക്കെട്ടിന് താത്കാലിക പരിഹാരം കാണുന്നത്. വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത്, പ്രദീപ് കൊച്ചത്ത്, സി.കെ. കൃഷ്ണകുമാർ, മേനക മധു, ശരണ്യ രജീഷ്, ലീന മനോജ്, ടി.പി. രഞ്ജിത്ത്, ഷഫീർ അബ്ദുൾ ഖാദർ, സരിത സുരേഷ്, അനിത ശശി, എ.കെ. അഭിലാഷ്, ടി.കെ. മാധവൻ, പണ്ടാരൻ നന്ദൻ, എ.ബി. ബാബു, സി.എ. വർഗീസ്, രാജേഷ് അയ്യന്തോൾ എന്നിവർ നേതൃത്വം നൽകി.
വെള്ളക്കെട്ട് ശാശ്വതമായി ഒഴിവാക്കുന്നതിന് വേനൽക്കാലത്ത് ആവശ്യമായ നടപടികളെടുക്കും.
- ജീന നന്ദൻ
(പഞ്ചായത്ത് പ്രസിഡന്റ്)