തൃശൂർ : വന്ധ്യതാ നിവാരണത്തിനായി മെഡിക്കൽ കോളേജിൽ നിർമ്മിച്ച ചികിത്സാകേന്ദ്രം വന്ധ്യംകരിച്ച നിലയിൽ. ഇതോടെ വന്ധ്യതാ പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രത്യുത്പാദന വ്യവസ്ഥയിലെ അപാകതകൾ പരിഹരിക്കാനും കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് പ്രയോജനപ്രദമാകുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. രണ്ട് കോടിയോളം ചെലവഴിച്ച് നിർമ്മിച്ച് പണിത കെട്ടിടം കാടും പടലും പിടിച്ച് നാശത്തിന്റെ വക്കിലാണ്. ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിടം സാമൂഹിക വിരുദ്ധരുടെയും തെരുവു നായകളുടെയും വിഹാര കേന്ദ്രവുമായി. നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ടില്ല.
വലിയ ചെലവ് വരുന്ന വന്ധ്യതാ ചികിത്സ എല്ലാ വിഭാഗം ആളുകൾക്കും സൗജന്യമായി നൽകാനാണ് നെഞ്ചുരോഗാശുപത്രിക്ക് അടുത്ത് കെട്ടിടം നിർമ്മിച്ചത്. മെഡിക്കൽ കോളേജിന്റെ വികസനത്തിൽ പൊൻതൂവലെന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും രോഗികൾക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, അനുബന്ധ പാരാ മെഡിക്കൽ ജീവനക്കാർ, രോഗനിർണയം നടത്തുന്ന ലാപ്രോസ്‌കോപ്പി, എൻഡോമെട്രിയൽ അഡീഷനുകൾക്കായി പെൽവിക് അവയവങ്ങൾ, ദൃശ്യപരമായി പരിശോധിക്കാൻ ഡോക്ടർമാരെ സഹായിക്കാനുള്ള യന്ത്രം എന്നിവയൊന്നും ഇതുവരെ അനുവദിച്ചിട്ടുമില്ല.
സ്ത്രീ വന്ധ്യതാ പ്രശ്നങ്ങൾക്കും പ്രതിവിധി
സ്ത്രീ വന്ധ്യതയുടെ കാരണങ്ങളായ പോളിസിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രോം, ഗർഭാശയ മുഴകൾ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ അസന്തുലിതാവസ്ഥ, ആർത്തവ ക്രമക്കേടുകൾ തുടങ്ങിയവയ്ക്ക് മികച്ച ചികിത്സ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. മാനസികവും ശാരീരികവുമായി മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ ചികിത്സ കൊണ്ട് ഒരു നിശ്ചിത ശതമാനം ആളുകളുടെ വന്ധ്യതാ പ്രശ്‌നത്തിന് വേഗത്തിൽ പരിഹാരം കാണാനാകുമായിരുന്നു. അതേസമയം കെട്ടിടം ഇങ്ങനെ കിടക്കുന്നതിൽ മെഡിക്കൽ കോളേജ് അധികൃതർ നിരപരാധികളാണെന്നും പ്രവർത്തനം തുടങ്ങണമെന്നാവശ്യപ്പെട്ട് കത്തിടപാടുകൾ നടത്തുന്നുണ്ടെന്നും അധികൃതർ പറയുന്നു.
മുടക്കിയത് സ്വകാര്യ ലോബിക്കായോ ?
വന്ധ്യതാ ചികിത്സയ്ക്ക് ലക്ഷങ്ങളുടെ ചെലവാണ് വരുന്നത്. സാധാരണക്കാരെ സംബന്ധിച്ച് ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. അതുകൊണ്ട് മെഡിക്കൽ കോളേജിൽ ഇത്തരം കേന്ദ്രം വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയിട്ടും മറ്റ് പ്രവർത്തനത്തിലേക്ക് കടക്കാതിരിക്കുന്നത് സ്വകാര്യലോബികളെ സഹായിക്കാനാണെന്ന ആക്ഷേപമാണുയരുന്നത്.
കെട്ടിടം പണി കഴിച്ചത്
ഏകദേശം 2 കോടിക്ക്
ഉദ്ഘാടനം കഴിഞ്ഞത് ഫെബ്രുവരിയിൽ
നിർവഹിച്ചത് മുഖ്യമന്ത്രി ഓൺലൈനിൽ