പാവറട്ടി: വെള്ളത്തിൽ മുങ്ങി വെങ്കിടങ്ങ് പൊന്നാംകുളം- കരുവന്തല പൊതുമരാമത്ത് റോഡ്. പൊന്നാംകുളം മുതൽ കരുവന്തല വരെ രണ്ടാം ഘട്ടത്തിൽ എട്ട് കിലോമീറ്റർ ബി.എം.ബി.സി നിലവാരത്തിൽ പണി നടത്തിയെങ്കിലും റോഡിലൂടെ മഴക്കാലത്ത് സഞ്ചരിക്കണമെങ്കിൽ വെള്ളത്തിലൂടെതന്നെ പോകണം. തുടർച്ചയായി വെള്ളം കെട്ടിനിന്ന് പായൽ നിറഞ്ഞ് കാൽനടയാത്രക്കാർ വഴുതി വീഴുന്ന അവസ്ഥയാണ്. മഴക്കാലത്തിന് മുൻപ് കാന വൃത്തിയാക്കുന്ന പ്രവൃത്തി ഇവിടെ നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഫണ്ട് ഇല്ലാത്തതിനാൽ റോഡിൽ അത്യാവശ്യം വേണ്ട അപായ സൂചനകൾ, സീബ്രാ ലൈനുകൾ തുടങ്ങിയവ രണ്ടു വർഷമായിട്ടും സ്ഥാപിച്ചിട്ടില്ല. ഏനാമാക്കൽ ഹൈസ്‌കൂൾ, സെന്റ് മേരീസ് എൽ.പി സ്‌കൂൾ,പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ, കുണ്ടഴിയൂർ ജി.എം.യു.പി സ്‌കൂൾ, കോടമുക്ക് എ.എം.എൽ.പി സ്‌കൂൾ,ആർ.സി.യു.പി സ്‌കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾ പോകുന്ന റോഡാണിത്. തൊയക്കാവ് കണ്ണളം തോട്ടിലേക്ക് ഇരു ദിശയിൽ നിന്നും കാന നിർമ്മിച്ചാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. വീതി കുറവുള്ളതിനാൽ അപകടവും ഗതാഗതക്കുരുക്കും നിത്യ സംഭവമാണ്.
കാന പണിയണമെന്ന നാട്ടുകാരുടെ ആവശ്യം മുഖവിലക്കെടുക്കാതെ അനാസ്ഥ കാണിക്കുന്നതിനെതിരെ മന്ത്രിക്ക് പരാതി നൽകും
കെ.വി.മനോഹരൻ
മുൻ വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്