കേരള കൗമുദി ഇംപാക്ട്
വടക്കഞ്ചേരി: കരിഞ്ഞുണങ്ങിയ നഗരസഭയുടെ ഉദ്യാനപാത പദ്ധതി വീണ്ടും തളിർക്കുന്നു. പാതയോരത്ത് അലങ്കാര ഇല ചെടികൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കുകയാണ് നഗരസഭ. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വ ത്തിലാണ് പ്രവർത്തനം.
നഗരസഭ ആവിഷ്‌കരിച്ച ഉദ്യാനപാത പദ്ധതി അധികൃതരുടെ ഗുരുതര വീഴ്ചയെത്തുടർന്ന് നശിച്ചത് കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തതിരുന്നു. പിന്നാലെ ഉദ്യാന പാത പുനർനിർമ്മിക്കാൻ നഗരസഭ രംഗത്തെത്തുകയായിരുന്നു. അത്താണി മുതൽ അകമല വരെ സംസ്ഥാന പാതയോരത്ത് പൂചെടികളും ഇല ചെടികളും ഉൾപ്പെടെ നട്ട് മനോഹരമാക്കുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. ഇതിന് വേണ്ടി നഗരസഭ ലക്ഷങ്ങളാണ് ചിലവഴിച്ചത്. നൂറ് കണക്കിന് ചെടികൾ നഗരസഭ വാങ്ങി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് വെച്ച് പിടിപ്പിച്ചു. നഗരസഭ വിവിധ പുരസ്‌കാരങ്ങൾക്കായി സമർപ്പിച്ച പദ്ധതികളിൽ ഏറെ ശ്രദ്ധേയം ഉദ്യാനപാത പദ്ധതിയായിരുന്നു. അവാർഡ് പ്രഖ്യാപനങ്ങൾ കഴിഞ്ഞപ്പോൾ ഉദ്യാന പാതയെ തിരിഞ്ഞ് നോക്കാതാതെ കരിഞ്ഞുണങ്ങുകയായിരുന്നു.