ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് മുതൽ 7വരെ ആഘോഷിക്കും. ഇന്ന് രാവിലെ 4 ന് നിർമ്മാല്യ ദർശനം, ശാസ്താവിന് 108 കരിക്കഭിഷേകം, ചുറ്റുവിളക്ക്, വൈകിട്ട് 6ന് ശ്രീശാസ്താ സംഗീതോത്സവം സംഗീത സംവിധായകൻ ടി.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസും, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയവും കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉപഹാരങ്ങൾ സമ്മാനിക്കും. പ്രതിഷ്ഠാദിനമായ 7ന് രാവിലെ 5ന് ശ്രീലകത്ത് താന്ത്രിക ചടങ്ങുകൾ, 8.30ന് പഞ്ചരത്‌ന കീർത്തനാലാപനം, 9ന് മുറജപം, കളഭാഭിഷേകം, ശ്രീഭൂതബലി. 10.30ന് പ്രസാദ ഊട്ട്, 3ന് അഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നെള്ളത്ത്, കൂട്ടപ്പറ നിറയ്ക്കൽ, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം എന്നിവയുണ്ടാകും.