കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യം ഭരണരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വിരമിച്ചവരുടെ ഒഴിവ് നികത്താത്തതും തിരഞ്ഞെടുപ്പ് മാതൃകപെരുമാറ്റച്ചട്ടത്തെത്തുടർന്ന് സ്വന്തം ജില്ലകളിൽ നിന്ന് പുറത്ത് പോയ ഉദ്യോഗസ്ഥരുടെ പുനർവിന്യാസ നടപടികൾ പൂർത്തിയാകാത്തതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടത്തെത്തുടർന്ന് നേരത്തെ സ്ഥലം മാറിപ്പോയ തഹസിൽദാർ കെ. രേവയ്ക്കുപകരം വന്ന അനിൽകുമാർ അസുഖബാധിതനായി ലീവ് എടുത്തതോടെ അവിടെ അഡീഷണൽ തഹസിൽദാരായിരുന്ന സുമ ഡി. നായരായിരുന്നു ചാർജ് ഏറ്റെടുത്തത്. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ അവരും അവധിയിൽപോയി. ഇതേത്തുടർന്ന് കീഴ്ത്തളിയിൽ പ്രവർത്തിച്ചു വരുന്ന ലാൻഡ് അക്വസേഷൻ ഓഫീസർ ജേക്കബിനാണ് തഹസിൽദാറുടെ ചുമതല. കാലവർഷക്കാലമായതിനാൽ തഹസിൽദാറുടെ അഭാവം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. പ്രകൃതിക്ഷോഭവും കടൽക്ഷോഭവും മറ്റും ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ആവശ്യമായ നടപടികളെടുക്കേണ്ടത് തഹസിൽദാറാണ്. സ്ഥലം സന്ദർശിക്കുകയും ക്യാമ്പുകൾ ആരംഭിക്കാൻ നിർദ്ദേശിക്കുന്നതും തഹസിൽദാറാണ്. താത്കാലിക ചുമതലയിൽ അദ്ദേഹത്തിന് ഒരിടത്തും കാര്യമായി പ്രവർത്തിക്കാൻ സമയം കിട്ടാതെ വരും.
കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ നേരത്തെ ഉണ്ടായിരുന്ന സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണൻ സർവീസിൽ നിന്നും വിരമിച്ചതോടെ അവിടെ ഇൻചാർജ് ഭരണമാണ്. ഡോ. ശ്യാമാണ് പകരം ചാർജ് വഹിക്കുന്നത്. സൂപ്രണ്ടിന്റെ അഭാവവും പ്രശ്‌നമാകുന്നുണ്ട്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസെപക്ടർ എം. ഷാംനാഥ് റിട്ടയർ ചെയ്‌തെങ്കിലും പകരം ആസ്ഥാനത്തേക്ക് ആരെയും നിയോഗിച്ചിട്ടില്ല. അതിനാൽ കാര്യമായ എക്‌സൈസ് പരിശോധനകളും അന്വേഷണവും നടക്കുന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെത്തുടർന്ന് പുറത്തു നിന്നും വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സന്തോഷ് കുമാറും സി.ഐ: ശശീധരനും. പാലക്കാട് സ്വദേശികളായ ഇരുവരും ഡ്യൂട്ടിയിൽ ഉണ്ടാകാറുണ്ടെങ്കലും ക്രമസമാധാന പ്രശ്‌നങ്ങളിൽ കാഴ്ചയ്ക്കാരായി മാറുകയാണ്.