pullu
മാള സ്വകാര്യ ബസ് സ്റ്റാൻഡിനും സാമൂഹികാരോഗ്യ കേന്ദ്രത്തിന് ഇടയിലുള്ള പൊതുമരാമത്ത് റോഡിൽ പുല്ലും കാടും വളർന്നു നിൽക്കുന്നു.

മാള: പൊതുമരാമത്ത് റോഡരികിലെ പൊന്തക്കാട് യാത്രക്കാർക്ക് ദുരിതമാകുന്നു. മാള സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ സാമൂഹിക ആരോഗ്യ കേന്ദ്രം വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡിന്റെ വടക്കുവശത്താണ് റോഡരികിൽ വൻതോതിൽ പുല്ല് വളർന്ന് പൊന്തക്കാടായിട്ടുള്ളത്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതും പ്രശ്നം വഷളാക്കുന്നു. ജൂതശ്മശാനം ഭാഗത്താണ് വൻതോതിൽ ചെടികളും പുല്ലും ഉയരത്തിൽ വളർന്ന് കാടായി നിൽക്കുന്നത്. ഇതുമൂലം റോഡിന്റെ വടക്കുവശം ഒഴിവാക്കിയാണ് കാൽനടയാത്രക്കാരും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും റോഡിലൂടെ നടന്നുപോകുന്നത്. ബസ് സ്റ്റാൻഡിൽ ഇറങ്ങി സ്‌കൂളിലേക്കും കോളേജിലേക്കും പോകുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ റോഡിൽ കൂടി കൂട്ടമായി പോകുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മാള ബസ് സ്റ്റാൻഡിൽ ഇറങ്ങി സർക്കാർ ആശുപത്രിയിലേക്ക് നടന്നു പോകുന്ന രോഗികളും ധാരാളമുണ്ട്. ബസുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അമിതവേഗം കാരണം എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന ഒരു മേഖലയാണിത്. മണിക്കൂറിൽ എകദേശം 400 ഓളം വാഹനങ്ങളാണ് അതിവേഗതയിൽ ഈ റോഡിലൂടെ കടന്നു പോകുന്നത്. റോഡിന് ഇരുവശവും ഫുട്ട് പാത്തും സുരക്ഷിതവേലിയും നിർമ്മിച്ച് വിദ്യാർത്ഥികളുടെയും കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ഉയരുന്ന ജനകീയാവശ്യം.

റോഡിലൂടെ ജനങ്ങൾക്ക് സുരക്ഷിത യാത്ര ഒരുക്കാൻ അധികൃതർ തയ്യാറാകണം.
-സലാം ചൊവ്വര
(പൊതുപ്രവർത്തകൻ)