ചാലക്കുടി: കൊരട്ടിയിലെ മുടപ്പുഴയിൽ നിന്നും പത്ത് ദിവസം മുമ്പ് കാണാതായ ദമ്പതികൾ വേളാങ്കണ്ണിയിൽ ആത്മഹത്യ ചെയ്ത നിലയിൽ. അരിമ്പിള്ളി വർഗീസിന്റെ മകൻ ആന്റു (34), ഭാര്യ ജിഷു (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാദ്ധ്യതയാണ് മരണകാരണമെന്ന് കരുതുന്നു.
വേളാങ്കണ്ണിയിലെ ലോഡ്ജ് മുറിയിൽ വിഷം കഴിച്ച് അവശനായ ആന്റുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനുശേഷമാണ് ഭാര്യ ജിഷു മറ്റൊരു സ്ഥലത്ത് വെച്ച് ശരീരത്തിൽ ഏതോ വിഷദ്രാവകം കുത്തിവച്ചെന്ന് വിവരം ലഭിച്ചത്. ആന്റു മരിച്ച വിവരം ചൊവ്വാഴ്ച രാത്രി വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീടാണ് ജിഷുവിന്റെ മരണവിവരവും വേളാങ്കണ്ണിയിൽ നിന്നും പൊലീസ് അറിയിച്ചത്. ആന്റു ജിഷു ദമ്പതികൾക്ക് മക്കളില്ല. വെസ്റ്റ് കൊരട്ടിയിലായിരുന്ന ഇവർ മൂന്ന് വർഷം മുമ്പാണ് മുടപ്പുഴയിലെത്തി താമസമാക്കിയത്.
ലൈഫ് പദ്ധതിയിൽ നിന്നും ലഭിച്ച വീട്ടിലായിരുന്നു താമസം. ജോലി ഇല്ലാത്ത ആന്റു, അക്കാരണത്താൽ വലിയ മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ ജൂൺ 22നാണ് ഇവരെ വീട്ടിൽ നിന്ന് കാണാതായത്. രണ്ടുദിവസം വീട് അടച്ചിട്ടത് ശ്രദ്ധയിൽപെട്ട അയൽവീട്ടുകാർ വിവരം ബന്ധുക്കളെ അറിയിച്ചു.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. മരണവിവരം അറിഞ്ഞ ബന്ധുക്കൾ വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടു. ലിസിയാണ് ആന്റുവിന്റെ മാതാവ്. സഹോദരി: ജിൻസി. ജിഷുവിന്റെ മാതാവ് എൽസി. ദമ്പതികളുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന് തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.