ch
പാറളം പഞ്ചായത്ത് കോടന്നൂർ ശാസ്താംകടവിലെ തകർന്ന വീടിന് മുന്നിൽ നിസംഗരായി ബാബുവും കുടുംബവും.

ചേർപ്പ് : കാറ്റിലും മഴയിലും മേൽക്കൂര പൂർണമായും തകർന്ന നിലം പൊത്താറായ വീട്ടിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ആശ്വാസത്തിലാണ് പാറളം പഞ്ചായത്ത് കോടന്നൂർ ശാസ്താംകടവ് കുണ്ടുവീട്ടിൽ ബാബുവും കുടുംബവും. കഴിഞ്ഞ ദിവസമാണ് ബാബുവിന്റെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നത്. തകർന്ന വീട്ടിൽ നിന്ന് മാറി ബാബു, ഭാര്യ തങ്കമണി, മകൾ നീതു, അവരുടെ മൂന്ന് മക്കളടങ്ങുന്ന കുടുംബവും ഇപ്പോൾ സമീപത്തെ ഒരു ഒഴിഞ്ഞ വീട്ടിലാണ് താത്കാലത്തേക്ക് താമസിക്കുന്നത്. ബാബു രോഗബാധിതനാണ്. ഭർത്താവ് അസുഖ ബാധിതനായി മരിച്ചതോടെ ചെറിയ ജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് നീതു ഉൾപ്പെടുന്ന ആറുപേരടങ്ങുന്ന കുടുംബം ഇപ്പോൾ കഴിയുന്നത്. മുമ്പത്തെ വീട് പണിയാനെടുത്ത ബാങ്ക് ലോൺ തുക ഇതുവരെ തിരിച്ചടയ്ക്കാത്തത് മൂലം ‌കുടുംബം ജപ്തി ഭീഷണിയിലാണ്. ദുരന്ത നിവാരണ വകുപ്പിന്റെ സഹായം ലഭ്യമാക്കാൻ ഇവർ അപേക്ഷ നൽകിയതായും അത് പരിശോധിച്ച് വരുന്നതായും പഞ്ചായത്തധികൃതർ പറയുന്നു. ജീവിത പ്രതിസന്ധികളെ മറികടക്കാൻ കാറ്റിലും മഴയിലും ധൈര്യമായി കിടന്നുറങ്ങാൻ പറ്റുന്ന ഒരു വീടിനായി ഭരണാധികാരികളടക്കമുള്ള സുമനസുകളുടെ സഹായം ലഭ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലും കാത്തിരിപ്പിലുമാണ് ഈ നിർദ്ധന കുടുംബം.

വീട് പുനരുദ്ധാരണം ആവശ്യപ്പെട്ട് പഞ്ചായത്തുൾപ്പടെ പല സർക്കാർ സ്ഥാപനങ്ങളിലും കയറിയിറങ്ങിയതല്ലാതെ പ്രയോജനം ഉണ്ടായില്ല.

- നീതു