photo
new

കൈപ്പറമ്പ്: ചൂണ്ടൽ, കൈപ്പറമ്പ് പഞ്ചായത്തുകളുടെ പരിധിയിലുള്ള കൈപ്പറമ്പ് തലക്കോട്ടുകര റോഡിൽ ദുരിതയാത്ര. മൂന്ന് കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. കൂടാതെ വേലൂർ പഞ്ചായത്തിന്റെ അതിർത്തി റോഡുകൂടിയാണിത്. എം.എൽ.എമാരായ മുരളി പെരുനെല്ലി, സേവ്യാർ ചിറ്റിലപ്പിള്ളി, എ.സി.മൊയ്തീൻ എന്നിവർക്ക് സംയുക്തമായി ഇടപ്പെട്ട് തീരുമാനമെടുക്കാവുന്ന റോഡ് ചെളിക്കുളമായി കിടക്കുന്നതിൽ നിരവധി പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയേയും കേച്ചേരി-വടക്കാഞ്ചേരി റോഡിനെയും ബന്ധിപ്പിക്കുന്ന ഈ മൂന്ന് കിലോമീറ്റർ റോഡിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. കേച്ചേരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഉപയോഗിക്കുന്ന പ്രധാന റോഡാണ് കൈപ്പറമ്പ് തലക്കോട്ടുകര റോഡ്. പാത്രമംഗലം-എരുമപ്പെട്ടി മേഖലയിൽനിന്ന് തൃശൂർ, ഗുരുവായൂർ,ചാവക്കാട് മേഖലകളിലേക്കുള്ള പാത കൂടിയാണിത്. ഈ റോഡിന്റെ മൂന്നു കലോമീറ്റർ പരിധിയിലാണ് വിദ്യ എൻജിനീയറിങ് കോളേജും ഗാഗുൽത്താ ധ്യാനകേന്ദ്രവും ഇപ്പോൾ പ്രവർത്തനമാരംഭിച്ച കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസും ഡയാലിസിസ് സെന്ററും സ്ഥിത ചെയ്യുന്നത്. കൂടാതെ സ്‌കൂൾ,മസ്ജിദുകൾ, ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ, ഓഡറ്റോറിയങ്ങൾ, കപൂച്ചിൻ ആശ്രമം, എം.എസ്.ജെ. സന്യാസിനി ഭവനം, വൈദ്യശാലകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൈപ്പറമ്പ് പഞ്ചായത്ത് അതിർത്തിയിൽ കുഴികൾ അടയ്ക്കാൻ പതിനൊന്നര ലക്ഷം രൂപയോളം പാസായിട്ടുണ്ടെന്ന് എട്ടു മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. തുടർന്ന്പ്രതിഷേധങ്ങൾ ശക്തമായപ്പോൾ നാലുമാസം മുമ്പ് ചൂണ്ടൽ പഞ്ചായത്തിൽ നിന്ന് 40,000 രൂപ പാസാക്കി വലിയ കുഴികളിൽ കോറി വേസ്റ്റിട്ട് അടിച്ചിരുന്നെങ്കിലും മഴ ശക്തമായതോടെ ഇവ റോഡിൽ നിരന്നു.കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ റവ ഫാദർ ഡേവിസ് ച്ചിറമ്മൽ ഇന്നലെ നടന്ന ഡാലിസിസ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടന വേളയിൽ കൈപ്പറമ്പ് തലക്കോട്ടുക്കര റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഒഴിയാതെ അപകടം

ഒരു വർഷത്തിനുള്ളിൽ ഏഴ് ബൈക്ക് യാത്രക്കാരാണ് ഈ റോഡിൽ വീണ് പരിക്കേറ്റത്. ഇതിൽ നാലുപേർ വിദ്യാ കോളേജിലെ വിദ്യാർഥികളാണ്. റോഡിലെ കുഴിയിൽ ചാടി നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. വാഹനങ്ങൾ നിയന്ത്രണം നഷ്്്ടപ്പെട്ട് അപകടത്തിൽപ്പെടുന്നതും പതിവാണ്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഓട്ടോറിക്ഷകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമൂലം വാടകയ്ക്ക് വിളിച്ചാൽ വരാതെയായെന്ന് നാട്ടുകാർ പറയുന്നു.