photo

വടക്കാഞ്ചേരി: അവഗണനയുടെ പ്രതീകമാണ് കുമ്പളങ്ങാട് കെ.പി.എൻ നഗറിന് സമീപമുള്ള പത്തൽ പാലം. നിരവധിപേർ ദിനംപ്രതി സഞ്ചരിക്കന്ന ഈ പത്തൽപാലത്തിന് നൂറിലധികം വർഷങ്ങളുടെ ചരിത്രമുണ്ട്. വാഴാനി പുഴയ്ക്ക് കുറുകെയാണ് ഈ സാഹസിക പാലം. നഗരസഭയിലെ കുമ്പളങ്ങാടിനെയും എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോടിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.

ഒരു നൂറ്റാണ്ടിലധികമായി തുടരുന്ന ഈ പാലത്തിലൂടെയുള്ള ദുരിതയാത്ര എന്ന് തീരുമെന്നാണ് നാട്ടുകാരുടെ ചോദ്യം. പത്തലുകൾ മാറ്റി ഒരു കോൺക്രീറ്റ് നടപ്പാലം വേണമെന്ന ജനകീയാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ വർഷവും നാട്ടുകാരും കർഷകരും ചേർന്ന് പാലത്തിന്റെ മുളകൾ, കവുങ്ങുകൾ, കയറുകൾ എന്നിവ മാറ്റും. ഓരോ കാലവർഷത്തിലും ജനപ്രതിനിധികൾക്കും ജലസേചന വകുപ്പ് അധികൃതർക്കും നിവേദനം നൽകും. എന്നാൽ ഒന്നിനും മറുപടി ലഭിക്കാറില്ലെന്നാണ് ആക്ഷേപം.

മഴക്കാലത്ത് പുഴയിൽ ജലനിരപ്പ് ഉയർന്നാൽ പ്രദേശവാസികൾക്ക് ആശങ്കയാണ്. പുഴയുടെ ഇരുകരകളിലുമാണ് കുമ്പളങ്ങാടും കാഞ്ഞിരക്കോടും. റോഡ് മാർഗം കിലോമീറ്ററുകൾ സഞ്ചരിച്ചാലേ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്താനാകൂ. അതിനാൽ എളുപ്പവഴി തേടിയാണ് ഈ സാഹസികയാത്ര തുടരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് പുഴ കരകവിഞ്ഞ് പാലം പുഴയെടുത്തിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചു. മുൻ വർഷങ്ങളിൽ നഗരസഭ ഇടപെട്ട് വേനലിൽ അറ്റകുറ്റപ്പണികൾക്കായി സഹായം നൽകിയിരുന്നെങ്കിലും ഇക്കുറി അതുണ്ടായില്ലത്രെ. ഉറപ്പുള്ള ഒരു കോൺക്രീറ്റ് നടപ്പാലം യാഥാർത്ഥ്യമാക്കി അതിന് പത്തൽ പാലമെന്ന് പേരിടണമെന്ന മോഹത്തിലാണ് നാട്ടുകാർ.


കർഷകർ ദുരിതത്തിൽ

കുമ്പളങ്ങാട് പത്തൽ പാലത്തിന്റെ ദുരവസ്ഥയിൽ കൂടുതൽ പ്രശ്നം കർഷകർക്കാണ്. കൃഷി ആവശ്യത്തിനായുള്ള സാമഗ്രികൾ മറുകരയിൽ എത്തിക്കാൻ ഈ പാലം മാത്രമാണ് ആശ്രയം. വളചാക്കുകൾ, വിത്ത്, ഞാറ്റടികൾ, വയ്ക്കോൽ എന്നിവയെല്ലാം എത്തിക്കാൻ ഇതുമാത്രമേ വഴിയുള്ളൂ. റോഡ് മാർഗം എത്തിക്കണമെനങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. അതിനാൽ പാലത്തിലൂടെ തലച്ചുമടായാണ് എത്തിക്കുന്നത്.