1

തൃശൂർ: ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ചവരുടെ എണ്ണം കൂടുമ്പോഴും നഗരത്തിലെയും ഗ്രാമങ്ങളിലെയും ഒഴിഞ്ഞയിടങ്ങളിലെല്ലാം മാലിന്യം തള്ളുന്നതും മറ്റൊരു 'പകർച്ചവ്യാധി'യാകുന്നു. അതേസമയം, മാലിന്യം തള്ളുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുമില്ല.

മഴ ശക്തമായതോടെ, ശക്തൻ സ്റ്റാൻഡിൽ മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം നിറഞ്ഞനിലയാണ്. റോഡരികുകളിലും മാലിന്യക്കൂമ്പാരങ്ങളുണ്ട്. തിരക്കില്ലാത്ത റോഡരികുകളിൽ മാലിന്യം തള്ളുന്നവരുമേറെ. കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ പാടത്തേക്ക് തള്ളുന്നതും സ്ഥിരം കാഴ്ച. പച്ചക്കറി മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും വടക്കുന്നാഥമൈതാനത്ത് തള്ളുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ശക്തനിലെ മൈതാനത്ത് കഴിഞ്ഞദിവസം കെട്ടിടാവശിഷ്ടങ്ങൾ വരെ നിറഞ്ഞിരുന്നു. തൃശൂർ കോർപറേഷന്റെ അഭിമാനപദ്ധതിയായ ആകാശപ്പാതയ്ക്കു കീഴിലായിരുന്നു മാലിന്യം. ശക്തനിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുണ്ട്. പക്ഷേ, പ്ലാസ്റ്റിക് മാലിന്യമാണ് കൂടുതലും തള്ളുന്നത്. മാലിന്യക്കൂമ്പാരത്തിൽ തുണിക്കെട്ടുകൾ, തെർമോകോൾ, പൊട്ടിയ ചില്ലുകൾ, ഇലക്ട്രിക് മാലിന്യങ്ങൾ വരെയുണ്ട്.

ജലാശയങ്ങളിലേക്ക് കക്കൂസ് മാലിന്യം

ഏതാനും ആഴ്ചകൾക്ക് മുൻപ് മണലിപ്പുഴയിലേക്ക് വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതോടെ പുഴയിൽ മലിനജലം നിറഞ്ഞു. കിണറുകൾ മലിനമായി. പുഴയിൽ കറുത്തവെള്ളം വലിയ തോതിൽ ഒഴുകിയതോടെ ദുർഗന്ധം വമിച്ചു. അതേസമയം, ചില പഞ്ചായത്തുകൾ കർശന നടപടികളെടുക്കുന്നുണ്ട്. ചേർപ്പിൽ മാലിന്യം വലിച്ചെറിഞ്ഞ ഓട്ടോ ഡ്രൈവർക്ക് ചേർപ്പ് പഞ്ചായത്ത് 10,000 രൂപ പിഴ ചുമത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ മാലിന്യം നീക്കാനും പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം പാലുവായ് ജംഗ്ഷനു സമീപം മിനി എം.സി.എഫിന് ചുറ്റും കൂട്ടിയിട്ടിരുന്ന മാലിന്യം തള്ളാനുള്ള പഞ്ചായത്തിന്റെ ശ്രമം നാട്ടുകാർ തന്നെ തടഞ്ഞിരുന്നു. ജനങ്ങൾ ഉപയോഗിക്കുന്ന കുളത്തിൽ മാലിന്യം കഴുകാനുള്ള ശ്രമവും നടന്നിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു.

മാലിന്യം തള്ളിയാൽ:

1000 മുതൽ 50,000 രൂപ വരെ പിഴയും ആറു മാസം മുതൽ ഒരു വർഷം വരെ തടവും.

മാലിന്യം കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താൽ: 5,000 രൂപ പിഴ.

പുഴവെള്ളത്തിൽ മാലിന്യം കൂടുമ്പോൾ കുളവാഴ, ചണ്ടി എന്നിവയും കൂടുന്നു

തരിശിട്ട പാടങ്ങളിൽ തള്ളുന്നത് ശുചിമുറി മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും

ജലാശയങ്ങൾക്കരികെ താമസിക്കുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങളും കൂടുന്നു

ഒഴിഞ്ഞയിടങ്ങൾ വൃത്തിയാക്കാൻ കോർപറേഷൻ അധികൃതർ മുൻകൈ എടുക്കുന്നില്ല.