പുതുക്കാട്: കുറുമാലി-തൊട്ടിപ്പാൾ മുളങ്ങ് റോഡ് നിർമ്മാണ കരാറുകാരനെ ഒഴിവാക്കും. റോഡ് നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച മലബാർ കൺസ്ട്രക്ഷൻസ് എന്ന കരാർ കമ്പനിയെ നഷ്ട്‌ടോത്തരവാദിത്വത്തിൽ പ്രവർത്തിയിൽ നിന്ന് ഒഴിവാക്കുന്നതിനു ഉത്തരവായതായി കെ. കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. 10 കോടി രൂപ ചെലവിൽ നവീകരിക്കുന്ന കുറുമാലി തൊട്ടിപ്പാൾ മുളങ്ങ് റോഡിലെ 27ശതമാനം പ്രവർത്തികൾ ചെയ്ത കരാറുകാരൻ, ശേഷിച്ച പ്രവർത്തികൾ പൂർത്തീകരിക്കാതെ കാലതാമസം വരുത്തുകയായിരുന്നു. കൾവേർട്ടുകളും മറ്റും പൊളിച്ചു മാറ്റിയത് പുനർനിർമ്മിക്കാതെയും റോഡിന്റെ വശങ്ങൾ താഴ്ത്തിയത് പുനർനിർമ്മിക്കാതെയും വാഹനഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും തടസങ്ങളും അപകടസാഹചര്യങ്ങളും സൃഷ്ടിച്ചതിനെ തുടർന്നുമാണ് കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഒഴിവാക്കണമെന്നുംആവശൃപ്പെട്ട് എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു കത്തുനൽകുകയായിരുന്നു. കമ്പനിയെ റിസ്‌ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചതിനെതിരെ കരാർ കമ്പനി കോടതിയിൽ പോകുകയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് തീരുമാനമെടുക്കാൻ കോടതി നിർദേശിക്കുകയുമായിരുന്നു. പൊതുമരാമത്തു വകുപ്പ് സെക്രട്ടറി ഹിയറിങ്ങ് നടത്തി കരാറുകാരനെ ഒഴിവാക്കാൻ തീരുമാനിച്ചു. ശേഷിച്ച പ്രവർത്തികൾ ഉടൻ പൂർത്തിയാക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും എം.എൽ.എ, അറിയിച്ചു.