ചാലക്കുടി: രാജ്യത്തെ ആദ്യ സംരംഭമായി നടപ്പാക്കിയ ഡിമെൻഷ്യ സൗഹൃദ നഗരസഭ പ്രോജക്ട് ഓർമ്മയിലേക്ക്. രാജീവ് ഗാന്ധി ടൗൺ ഹാളിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് അടച്ചുപൂട്ടി. പ്രവർത്തനത്തിന് ഫണ്ട് അനുവദിക്കാത്തതും നഗരസഭയുടെ മേൽനോട്ടമില്ലാത്തതുമാണ് മാതൃകാപരമായ വലിയൊരു പദ്ധതി തുടക്കത്തിൽതന്നെ അവസാനിച്ചത്. കേരള പിറവി ദിനമായ നവംബർ 1ന് പദ്ധതി ഉദ്ഘാടനം ചെയ്തത്.എന്നാൽ ഇവിടെ ഇപ്പോൾ പ്രൊജക്ട് ഓഫീസർ പോലുമില്ലാത്ത അവസ്ഥയാണ്. ഷോപ്പിംഗ് കോംപ്ലക്‌സിൽ ആസ്ഥാന കാര്യാലയം തുറന്ന് ആദ്യഘട്ട പ്രവർത്തനവും ആരംഭിച്ചിരുന്നു. സമൂഹത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ഡിമിൻഷ്യ രോഗികളെ കണ്ടെത്തി കൗൺസിലിങ്ങും ചികിത്സയും ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. 36 വാർഡുകളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതിൽ രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളെ കണ്ടെത്തി സ്‌ക്രീനിംഗ് പരിശോധനയും നടത്തി. പത്ത് വാർഡുകളായിരുന്നു സ്‌ക്രീനിംഗ്. ഇതുവരെ നടന്ന പ്രവർത്തനത്തിന് സാമൂഹ്യ ക്ഷേമ വകുപ്പിലെ ഐ.സി.ഡി.എസ് സൂപ്പർ വൈസർ 1 ലക്ഷം രൂപയും അനുവദിച്ചിരുന്നു. തുടർന്ന് ഫണ്ട് അനുവദിക്കാൻ ഇംപ്ലിമെന്റിംഗ് ഓഫീസർ തയ്യാറായില്ല. ഓഫീസിൽ ചുമതലയേറ്റ പ്രോജക്ട് ഓഫീസർക്ക് ഇതുവരെയും നിയമന രേഖയും നൽകിയില്ല. വേതനം സംബന്ധിച്ചും തീരുമാനമായില്ല. ഇതിനായി നഗരസഭ ഭരണസമിതിയും ഇടപെട്ടില്ലെന്ന് പറയുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ സംബന്ധിച്ച തർക്കവും ചേരിപ്പോരുമാണ് ഇതിന് തടസമെന്ന് ആക്ഷേപമുണ്ട്.
ഓർമ്മ ശക്തി നഷ്ടപ്പെട്ട ആളുകളെ കണ്ടെത്തി വിവിധ രോഗ കാരണങ്ങൾ പട്ടികയിലാക്കി അവർക്ക് വേണ്ട പരിചരണം നൽകുന്ന പദ്ധതിയായിരുന്നു നഗരസഭ നടപ്പാക്കിയത്. രോഗികൾക്ക് കൗൺസിലിങ്ങും ചികിത്സയും ബോധവത്കരണവും സ്‌ക്രീനിംഗ് പരിശോധനയും ലഭ്യമാക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ചാലക്കുടി നഗരസഭയിൽ ആരംഭിച്ചും.
ഉദ്ഘാടനം കഴിഞ്ഞത് നവംബർ 1ന്
36 വാർഡുകളിൽ ബോധവത്കരണം
പത്ത് വാർഡുകളിൽ സ്‌ക്രീനിംഗ്.
സാമൂഹ്യ ക്ഷേമ വകുപ്പ് അനുവദിച്ചത് 1 ലക്ഷം
ആദ്യഘട്ട പ്രോജക്ടിലെ ഫണ്ട് തീർന്നതിനാൽ തത്ക്കാലം പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. രണ്ടാം ഘട്ട പ്രോജക്ട് അധികം വൈകാതെ ആരംഭിക്കും. പുതിയ സംരംഭമയതിനാൽ സർക്കാർ അനുമതിക്കും കാലതാമസം നേരിട്ടു.
എബി ജോർജ്ജ്,
നഗരസഭ ചെയർമാൻ