തൃപ്രയാർ: വീണ്ടുമൊരു നാലമ്പല തീർത്ഥാടനകാലം. ഭക്തരെ വരവേൽക്കാൻ ഒരുങ്ങുകയാണ് തൃപ്രയാർ, ഇരിങ്ങാലക്കുട, തിരുമൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങൾ. ജൂലായ് 16നാണ് രാമായണമാസാരംഭം, ഇതോടൊപ്പം നാലമ്പല യാത്രയും തുടങ്ങും. വിപുലമായ സൗകര്യങ്ങളാണ് ഇക്കുറി ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം:
ചേറ്റുവ മണപ്പുറത്തിന്റെ മദ്ധ്യഭാഗത്തായി തീവ്രാനദീ തീരത്താണ് ക്ഷേത്രം. ശ്രീരാമ നാമധേയത്തിൽ ചതുർബാഹുവായ വിഷ്ണുവാണ് പ്രതിഷ്ഠ. ശംഖ്, ചക്ര, കേദണ്ഡ നാമങ്ങളോടെയുള്ള മൂന്ന് കൈകകളും അക്ഷമാല സഹിതം അഭയമുദ്രയോടെയുള്ള മറ്റൊരു കൈയുമാണ് വിഗ്രഹത്തിനുള്ളത്. ഇരുവശത്തും മഹാലക്ഷ്മിയും ഭൂമീദേവിയും. പ്രതിഷ്ഠയ്ക്ക് സമീപം ദക്ഷിണാമൂർത്തി. അൽപ്പം തെക്ക് മാറി ഗണപതിയും മുഖമണ്ഡപത്തിൽ ആജ്ഞനേയ സങ്കൽപ്പവും. മതിൽക്കെട്ടിനകത്ത് തെക്കുഭാഗത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാല കൃഷ്ണനും. വെടിവഴിപാട്, മീനൂട്ട് എന്നിവയാണ് പ്രധാന വഴിപാടുകൾ. പുലർച്ചെ 3.30ന് നട തുറക്കും.
ഇരിങ്ങാലക്കുട കൂടൽമാണിക്യം:
തൃപ്രയാറിൽ നിന്ന് 12 കിലോമീറ്റർ പിന്നിട്ടാൽ മൂന്നുപീടിക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ചതുർബാഹുവായ രൂപത്തിൽ ഭരതനാണ് പ്രതിഷ്ഠ. മറ്റ് പ്രതിഷ്ഠകൾ ഇല്ല. താമരമാല പ്രധാന വഴിപാടാണ്. പുലർച്ചെ 3.30ന് നട തുറക്കും. എതൃത്ത് പൂജ, ഉച്ചപൂജ സമയത്ത് ദർശനമുണ്ടാവില്ല.
മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം:
എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലാണ് ക്ഷേത്രം. ഇരിങ്ങാലക്കുട നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കുളത്തെത്താം. ചെമ്പോല പൊതിഞ്ഞ രണ്ട് നിലവട്ട ശ്രീകോവിൽ, കിഴക്കോട്ട് ദർശനമായ ലക്ഷ്മണ പ്രതിഷ്ഠ, തെക്കോട്ട് ദർശനമായി ശിവനും ഗണപതിയും, നാലമ്പലത്തിന്റെ തെക്ക് പടിഞ്ഞാറായി ഭഗവതിയും ശാസ്താവും വടക്ക് ഭാഗത്ത് ഗോശാല കൃഷ്ണനുമുണ്ട്. കദളിപ്പഴവും പാൽപ്പായസവുമാണ് പ്രധാന വഴിപാട്. പുലർച്ചെ അഞ്ച് മുതൽ ഒന്ന് വരെയും വൈകീട്ട് അഞ്ച് മുതൽ എട്ട് വരെയുമാണ് ദർശനം.
പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം:
കൊടുങ്ങല്ലൂർ റൂട്ടിൽ വെള്ളാങ്കല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്ത് നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റർ ഉള്ളിലാണ് ക്ഷേത്രം. ശത്രുഘ്‌ന സ്വാമിയാണ് പ്രതിഷ്ഠ. തെക്കുപടിഞ്ഞാറ് ദക്ഷിണ അഭിമുഖമായി ഗണപതി ഭഗവാനും മുഖമണ്ഡപത്തിൽ ആഞ്ജനേയ സാന്നിദ്ധ്യവുമുണ്ട്. പുലർച്ചെ അഞ്ച് മുതൽ 1.30 വരെയും വൈകീട്ട് 4.30 മുതൽ ഒമ്പത് വരെയുമാണ് ദർശനം. സുദർശന ചക്രം നടക്കുവയ്ക്കൽ, സുദർശന പുഷ്പാഞ്ജലി, ശംഖാഭിഷേകം, നാണയ തുലാഭാരം എന്നിവയാണ് പ്രധാന വഴിപാടുകൾ.
ഐതിഹ്യം:
ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ പൂജിച്ച് ആരാധിച്ചിരുന്ന നാല് വിഗ്രഹങ്ങളാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിൽ പ്രതിഷ്ഠിച്ചതെന്നാണ് ഐതിഹ്യം. ദ്വാരക കടലെടുത്ത് അനേക വർഷത്തെ ജലാധിവാസത്തിന് ശേഷം മുക്കുവന്മാർ കണ്ടെടുത്ത് രാജപ്രമുഖനായ വാകയിൽ കൈമൾക്ക് വിവരം കൊടുത്തു. പിന്നീട് ജ്യോതിഷ വിധി പ്രകാരം നാല് കരകളിൽ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രങ്ങളിൽ ക്രമത്തിൽ ദർശിക്കുകയെന്നത് പുണ്യമാണെന്നാണ് വിശ്വാസം.