#നിക്ഷേപകരുടെ കൊങ്ങയ്ക്ക് പിടിക്കരുത്
തൃശൂർ:തമിഴ്നാട്ടിലെ നാഗപട്ടണം മുതൽ തൃശൂർ ലൂർദ് പള്ളിവരെ നീളുന്ന തീർത്ഥാടന ടൂറിസം സർക്യൂട്ടിനുവേണ്ടി ശ്രമിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നാഗപട്ടണം, വേളാങ്കണ്ണി, ദിണ്ടിഗൽ, ഭരണങ്ങാനം, മംഗളാദേവി, മലയാറ്റൂർ, കാലടി, കൊടുങ്ങല്ലൂർ ചേരമാൻ പള്ളി, തൃശൂർ ലൂർദ്ദ് പള്ളി എന്നീ ദേവാലയങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി ആലോചിക്കുന്നത്. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ തന്റെ വികസന സ്വപ്നങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂരിനെ വേറിട്ടുതന്നെ കാണേണ്ടതുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് രൂപരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപം ഒരുക്കാൻ ഒരാൾക്ക് മാത്രമായി കഴിയില്ല. നിയമങ്ങൾ നോക്കണം. ഹരിത ടൂറിസം പോലെ കേരളത്തിന് തനതായ പദ്ധതികൾ വേണം. വ്യവസ്ഥകൾ പാലിച്ച് നിക്ഷേപം നടത്താൻ വരുന്നവരുടെ കൊങ്ങയ്ക്ക് പിടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
നാല് ശതമാനം പലിശയ്ക്ക് ലഭിക്കുന്ന കാർഷകവായ്പ മുടങ്ങിയതിന് കാരണം ഇവിടെ നിന്ന് നബാർഡിലേക്ക് പോയ ഒരു കത്താണ്. 'ആ കത്തിന് മറുകുത്ത്'ഉടൻ വരുമെന്ന് നബാർഡ് ചെയർമാനെ അറിയിച്ചിട്ടുണ്ട്. ഗെയിൽ പൈപ്പ് ലൈൻ കേരളമാകെ പൂർത്തീകരിക്കും. സ്ഥലം ഏറ്റെടുത്ത് നൽകിയാൽ റെയിൽവേ ട്രാക്കുകൾ വർദ്ധിപ്പിക്കും. ഭാരത് അരി വിതരണം സാങ്കേതിക കാരണത്താൽ തടസപ്പെടുത്തുന്നതിന് പരിഹാരമുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് കേരളത്തിൽ വരുന്നതിനുള്ള തടസം നിർമിതമാണ്. കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്നാണ് ലക്ഷ്യം. ഉടൻ നടപ്പാക്കുമെന്നല്ല, അതിനായി ശ്രമിക്കും.പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ. രാധിക അദ്ധ്യക്ഷയായി. സെക്രട്ടറി പോൾ മാത്യു, വൈസ് പ്രസിഡന്റ് അരുൺ എഴുത്തച്ഛൻ എന്നിവർ സംസാരിച്ചു.