1

തൃശൂർ: ശുചിത്വ സുന്ദര സിവിൽ സ്റ്റേഷനിൽ ശലഭോദ്യാനം ഒരുക്കി ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന് അനുവദിച്ച 20 സെന്റ് സ്ഥലത്താണ് ശലഭോദ്യാനം. മഹാഗണി, ആൽ, സപ്പോട്ട, ആര്യവേപ്പ്, വാഴ, ചേന, പപ്പായ, ചേമ്പ് എന്നിവ മുൻപേ ഉണ്ടായിരുന്നു കൂടാതെ ചാമ്പ, അരിനെല്ലി, നെല്ലി, ലൂവിക്ക, ചെറി, പേര, ജാപ്പോട്ടിക്ക, റമ്പൂട്ടാൻ, മാംഗോസ്റ്റീൻ, അശോകം, കണിക്കൊന്ന, കോളാമ്പി, മുല്ല, ചെമ്പരത്തി, തെച്ചി, മന്ദാരം, തുളസി, രാമച്ചം ,ചെമ്പകം, പാരിജാതം, പവിഴമല്ലി, കൊടുവേലി തുടങ്ങിയ ചെടികൾ കൂടി നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ശലഭോദ്യാനം കളക്ടർ വി.ആർ. കൃഷ്ണതോജ ഉദ്ഘാടനം ചെയ്തു. എ.ഡി.എം: ടി. മുരളി, എൽ.എസ്.ജി.ഡി അസി. ഡയറക്ടർ പി.എൻ. വിനോദ് കുമാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ആർട്ടിസ്റ്റ് ടി.സി. സുരേഷിനെ ആദരിച്ചു.

ശലഭങ്ങൾക്കൊരു കൂടാരം

ചിത്രശലഭങ്ങൾക്കായി കിലുക്കി, ശംഖുപുഷ്പം, കൂവളം, മരോട്ടി, പ്ലാശ്, ഉങ്ങ്, കൃഷ്ണകിരീടം, കിലിപ്പ, ഇല മുളച്ചി, ചെണ്ടുമല്ലി, നിത്യകല്യാണി, അശോകം, ശംഖുപുഷ്പം ഗന്ധരാജൻ നന്ത്യാർവട്ടം, നാരകം, കറിവേപ്പ്, വാടാർ മുല്ല തുടങ്ങിയ ചെടികളും നട്ടിട്ടുണ്ട്. വിവിധ വർണങ്ങളിലുള്ള നിരവധിയിനം ശലഭങ്ങൾ കാഴ്ചവസന്തം നിറച്ച് ഉദ്യാനത്തിലുണ്ട്. മണ്ണും ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തി സ്ഥലത്തെ മഴവെള്ള സംഭരണിയിൽ ചിത്രങ്ങളും വരച്ചിട്ടുണ്ട്.