തിരുവില്വാമല: തിരുവില്വാമലയുടെ സാംസ്‌കാരിക പൈതൃകം പേറുന്ന എഴുപതോളം വില്വാദ്രി പശുക്കളുടെ
സംരക്ഷകനാണ് പാമ്പാടി ഐവർമഠം ട്രസ്റ്റിന്റെ ചെയർമാനായ രമേശ് കോരപ്പത്ത്. തന്റെ പൂർവികർ നോക്കി നടത്തിയിരുന്ന വില്വാദ്രി പശുപരിപാലനത്തോടൊപ്പം വില്വാദ്രിനാഥ ക്ഷേത്രത്തിലേക്ക് പഞ്ചഗവ്യവും മുടങ്ങാതെ 30 വർഷമായി നൽകിവരുന്നു.
കാർഷിക കുടുംബമായ കോരപ്പത്ത് തറവാട്ടിൽ ഒരു കാലത്ത് നൂറുകണക്കിന് വില്വാദ്രി പശുക്കൾ ഉണ്ടായിരുന്നു. വില്വാദ്രി പശുക്കളുടെ പാരമ്പര്യത്തിനും പഴമയ്ക്കും തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട്. വില്വാദ്രി പശുക്കളുടെ വംശവർദ്ധനവിനായി സർവകലാശാലാ തലത്തിൽ ഗവേഷണവും നടക്കുന്നുണ്ട്. പുഴയോരത്ത് മേയാൻ വിട്ടാലും വയ്ക്കോലിനും പുല്ലിനും തവിടിനുമൊക്കെയായി വൻചെലവ് വരാറുണ്ടെന്ന് രമേഷ് പറയുന്നു.
രാവിലെ പത്തുമണിയോടെ പശുക്കളെ നിളാ തീരത്തേക്ക് സ്വതന്ത്രമായി വിടും. വൈകിട്ടാകുമ്പോൾ ഇവയെല്ലാം ഗോശാലയിലേക്ക് തിരികെയെത്തും. പശുപരിപാലനത്തിന് രമേഷിന് സഹായികളുമുണ്ട്. വില്വാദ്രി പശുക്കൾ അന്യംനിന്നു പോവാതിരിക്കാൻ സർക്കാരും മറ്റും രംഗത്ത് വരണമെന്നും വില്വാദ്രി പശുപരിപാലനത്തിൽ നാഷണൽ ബ്യൂറോ ഒഫ് ആനിമൽ ജനിറ്റിക്‌സിന്റെ ബ്രീഡ് സേവിയർ അവാർഡ് നേടിയ രമേശ് കോരപ്പത്ത് പറയുന്നു.
കഠിനമായ വരൾച്ചയെയും ചൂടിനെയും പ്രതിരോധിച്ച് ജീവിക്കാനാകുന്ന നാടൻ പശുക്കളാണ് വില്വാദ്രി പശുക്കൾ. പൊതുവേയുള്ള ഇളം തവിട്ട് നിറം ചൂടിനെ തടയാൻ സഹായിക്കുന്നു. വില്ലുപോലെ വളഞ്ഞ കൊമ്പുള്ള ഇനം പശുക്കളുമുണ്ട്. ഒരു മീറ്റർ വരെയാണ് ഉയരം. ഇവയുടെ കാളകൾ ഒന്നര മീറ്റർ വരെ ഉയരമുള്ളവയാണ്. പച്ചപ്പുല്ലിന്റ അഭാവത്തിൽ മൂർച്ചയുള്ള കൊമ്പ് കൊണ്ട് മരത്തൊലി ഇളക്കിയെടുത്ത് ഭക്ഷിക്കാനും ശേഷിയുണ്ട്. ദൃഢശരീര പ്രകൃതിയുള്ള പശുക്കൾക്ക് കുത്തനെയുള്ള മലകയറാൻ കഴിയും. ശരാശരി 30 വർഷമാണ് ആയുസ്. പാൽ ഉത്പാദനം ശരാശരി രണ്ടു നേരം കൂടി മൂന്നു ലിറ്റർ. വർഷം തോറും ഇവ പ്രസവിക്കും.