mala-ksrtc
കുണ്ടും കുഴിയും നിറഞ്ഞ് വെള്ളം കെട്ടി നിൽക്കുന്ന മാള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്.

മാള : കുണ്ടും കുഴിയുമായി മാള കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ശോചനീയാവസ്ഥയിൽ. ശക്തമായ മഴയിൽ സ്റ്റാൻഡിൽ മിക്കയിടത്തും വെള്ളം കെട്ടി നിൽക്കുന്നുണ്ട്. പ്രവേശന കവാടത്തിലെ കുഴികൾ വെള്ളം കെട്ടി നിന്ന് കുളത്തിന്റെ അവസ്ഥയിലായി മാറിയിട്ടുണ്ട്. കെ. കരുണാകരൻ മുൻ മുഖ്യമന്ത്രിയും മാള എം.എൽ.എയുമായിരുന്ന കാലത്ത് പ്രവർത്തനമാരംഭിച്ച മാള കെ.എസ്.ആർ.ടി.സി ഡിപ്പോ ഇന്ന് പരാധീനതകളുടെ പടുകുഴിയിലാണ്. അറുപതിൽപരം ബസുകളും വേളാങ്കണ്ണിയടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്തർസംസ്ഥാന ദീർഘദൂര സർവീസുകളുമുണ്ടായിരുന്ന ഡിപ്പോയിൽ ഇന്നുള്ളത് 30 ൽ താഴെ ബസുകൾ മാത്രം. വർഷങ്ങളായി പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ സംസ്ഥാനത്തെ തന്നെ മികച്ചതായിരുന്ന മാള ഡിപ്പോയുടെ യാർഡ് തകർന്നു. നിലവിലുണ്ടായിരുന്ന പല ബസുകളും കൊവിഡ് കാലത്ത് ഇവിടെ നിന്ന് മാറ്റി. തിരിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. ബസുകൾ തിരിച്ചു കൊണ്ടുവന്ന് സർവീസ് നടത്തിയാൽ മാത്രമേ ഗ്രാമങ്ങളിലേക്കുള്ള പൊതുഗതാഗതം മെച്ചപ്പെടുകയുള്ളൂ. ഡിപ്പോയുടെ ദയനീയാവസ്ഥ പരിഹരിക്കാൻ സത്വര നടപടി വേണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.

കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും സ്റ്റാൻഡിലെ കുഴികൾ അടയ്ക്കണമെന്നും തകർന്ന് കിടക്കുന്ന യാർഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
- ഷാന്റി ജോസഫ് തട്ടകത്ത്
(പൊതുപ്രവർത്തകൻ)

സ്റ്റാൻഡിലെ കുഴികൾ നികത്താൻ അടിയന്തരമായി നടപടി സ്വീകരിക്കും. ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.

- വി.ആർ. സുനിൽകുമാർ

(എം.എൽ.എ)